Uncategorized

മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളുള്‍പ്പെടെ ആക്രമിച്ചുവെന്ന് ഇസ്രയേല്‍; മയപ്പെടുത്താതെ ഇറാനും

ടെല്‍ അവീവ്/തെഹ്റാൻ: ഇറാനിലെ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും ആണവ ഗവേഷണ കേന്ദ്രവുമുള്‍പ്പെടെ ആക്രമിച്ചെന്ന് ഇസ്രയേല്‍ സൈന്യം. തെഹ്‌റാനിലുളള ആണവ ഗവേഷണ കേന്ദ്രമാണ് ആക്രമിച്ചതെന്നും വ്യോമസേനയുടെ അറുപതിലധികം യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് കാര്യമായ കേടുപാടുകളാണ് ഉണ്ടായത്. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളുടെയും ലോഞ്ചറുകളുടെയും വലിയൊരു ഭാഗം തകര്‍ക്കപ്പെട്ടു. മിസൈല്‍ സംഭരണശാലകളും വ്യോമതാവളങ്ങളിലെ ഹെലികോപ്റ്ററുകളും നശിപ്പിക്കപ്പെട്ടു. റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ മിസൈല്‍ കേന്ദ്രങ്ങളും സൈനിക കമാന്‍ഡ് സെന്ററുകളും ഇസ്രയേല്‍ ആക്രമിച്ചു.

ഇറാന്‍ ഇസ്രയേലില്‍ നടത്തിയ മിസൈല്‍, ഡ്രോണാക്രമണങ്ങളില്‍ ടെല്‍ അവീവ്, ഹൈഫ ഉള്‍പ്പെടെയുളള നഗരങ്ങളിലെ ആശുപത്രികള്‍, കെട്ടിടങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയായ ഹൈഫയിലെ ബസാന്‍ പെട്രോകെമിക്കല്‍ കോംപ്ലക്‌സും ഇറാന്‍ ആക്രമിച്ചു. ടെല്‍ അവീവിലെ ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിന് സമീപം ഇറാന്റെ മിസൈലുകള്‍ പതിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ ഇതുവരെ 639 പേര്‍ കൊല്ലപ്പെടുകയും 1300-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ 24 പേര്‍ കൊല്ലപ്പെടുകയും 600 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം, ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ പങ്കുചേരണമോ എന്നതിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. നയതന്ത്ര പരിഹാരത്തിന് രണ്ടാഴ്ച ശ്രമിക്കുമെന്നും അതിന് ശേഷം മാത്രം ഇറാനെതിരെ ആക്രമണം നടത്തണമോ എന്നതിൽ തീരുമാനം എടുക്കുകയുളളുവെന്നും ട്രംപ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button