ജിദ്ദയിൽ മോദി ചെലവഴിച്ചത് ഏതാനും മണിക്കൂറുകൾ, നിരവധി കരാറുകളിൽ ഒപ്പുവെച്ചു, ഇന്ത്യയുടെ ദുഃഖം പേറി മടക്കം

ജിദ്ദ: ജമ്മു കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെത്തി. നാല് പതിറ്റാണ്ടിനിപ്പുറം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ജിദ്ദയിലെത്തുന്നതിന്റെ സന്തോഷത്തിലായിരുന്നു പ്രവാസികള്‍. ജിദ്ദയിലെത്തിയ നരേന്ദ്ര മോദിക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ജിദ്ദയിലെത്തിയ മോദിക്ക് പഹൽഗാം ഭീകരാക്രമണത്തെ തുടര്‍ന്നാണ് സന്ദര്‍ശനം വെട്ടിച്ചുരുക്കേണ്ടി വന്നത്.
ജിദ്ദയിലെ ഈന്തപ്പഴ ഫാക്ടറിയിലെ ഇന്ത്യന്‍ തൊഴിലാളികളെ സന്ദര്‍ശിക്കുന്നതടക്കം ഇന്നത്തെ നിരവധി പദ്ധതികള്‍ ബാക്കിയാക്കിയാണ് മോദി മടങ്ങിയത്. ഏതാനും മണിക്കൂറുകള്‍ മാത്രമാണ് മോദി ജിദ്ദയില്‍ ചെലവഴിച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ചർച്ച നടത്തി നിരവധി കരാറുകൾ ഒപ്പിട്ടു. ജിദ്ദയിലെ കൊട്ടാരത്തിൽ ഒരുക്കിയ അത്താഴ വിരുന്നിൽ മോദി പങ്കെടുത്തില്ല. രാത്രി പതിനൊന്ന് മണിയോടെ മോദി ജിദ്ദയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിക്കുകയായിരുന്നു. ചൊവ്വാഴ്ച കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രധാനമന്ത്രിക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. സൗദി വ്യോമാതിര്‍ത്തിയില്‍ മോദിയുടെ വിമാനം പ്രവേശിച്ചപ്പോള്‍ തന്നെ സൗദി റോയല്‍ എയര്‍ഫോഴ്സിന്റെ മൂന്ന് യുദ്ധവിമാനങ്ങള്‍ അകമ്പടിയായി പറന്നു. വിമാനത്താവളത്തില്‍ ഇറങ്ങിയ മോദിയെ സ്വീകരിക്കാന്‍ നിരവധി ഉന്നത ഉദ്യോഗസ്ഥരെത്തി.




