ഇസ്രായേലിന് നേരെ ഇറാന്റെ വൻ മിസൈൽ ആക്രമണം; 14 പേർക്ക് പരിക്ക് കനത്ത നാശനഷ്ടങ്ങൾ

തെൽ അവീവ്: മധ്യ ഇസ്രായേലിന് നേരെ വലിയ മിസൈൽ ആക്രമണവുമായി ഇറാൻ. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നടന്നതിൽ വെച്ച് ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് ഇസ്രായേൽ പ്രതിരോധ സേന വിലയിരുത്തുന്നതെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. 10 ലധികം ബാലിസ്റ്റിക് മിസൈലുകളാണ് മധ്യ ഇസ്രായേലിനെ ലക്ഷ്യമാക്കി ഇറാൻ വിക്ഷേപിച്ചത്.
എന്നാൽ കൃത്യം കണക്ക് ഇസ്രായേൽ വ്യക്തമാക്കുന്നില്ല. മിസൈലുകൾ പതിച്ചതിനെത്തുടർന്നും മിസൈൽ പ്രതിരോധ സംവിധാനങ്ങൾ തകർത്തപ്പോൾ ഉണ്ടായ അവശിഷ്ടങ്ങൾ വീണും പലയിടങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 14 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. 11 വയസ്സുള്ള പെൺകുട്ടിക്ക് മിസൈൽ അവശിഷ്ടങ്ങൾ തറച്ചാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തകർ വിവിധ സ്ഥലങ്ങളിൽ പരിശോധന ഇപ്പോഴും തുടരുന്നുണ്ട്.
ബീ ബ്രാക്കിലെ ജനവാസ മേഖല ലക്ഷ്യമാക്കിയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുദ്ധത്തിന്റെ ആദ്യ ഘട്ടങ്ങളിൽ പ്രതിദിനം 90ഓളം മിസൈലുകൾ വരെ ഇറാൻ വിക്ഷേപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയായി ഇത് 10 മുതൽ 15 വരെയായി കുറഞ്ഞിരുന്നു. ഇന്ന് ഉച്ചവരെ നടന്ന ആക്രമണങ്ങളിൽ ഒന്നോ രണ്ടോ മിസൈലുകൾ മാത്രമാണ് ഇറാൻ ഉപയോഗിച്ചിരുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായി, പെട്ടെന്നുണ്ടായ ഈ വലിയ മിസൈൽ വർഷം ഇസ്രായേൽ സൈന്യം അതീവ ഗൗരവത്തോടെയാണ് കാണുന്നത്.




