നെയ്യാറ്റിൻകരയിൽ മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർഗാന്ധിയെ തടഞ്ഞ സംഭവം; ആഞ്ഞടിച്ച് കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം: തുഷാർ ഗാന്ധിയെ ബിജെപി- ആർഎസ്എസ് പ്രവർത്തകർ തടഞ്ഞതിൽ പ്രതിഷേധവുമായി നേതാക്കൾ. കേരളത്തിന് അപമാനകരമായ സംഭവമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു. ഈ ഹീനമായ നടപടിക്ക് കേരളത്തിന്റെ മതേതര മനസ് മാപ്പ് നൽകില്ലെന്ന് കെപിസിസി അധ്യക്ഷനും എംപിയുമായ കെ.സുധാകരൻ പറഞ്ഞു. ഗോഡ്സെയുടെ പ്രേതമാണ് ബിജെപിയെയും ആര്‍എസ്എസിനെയും ബാധിച്ചിരിക്കുന്നത്. ഗാന്ധിജിയെ തസമ്കരിച്ച് ഗോഡ്സെയെ വാഴ്ത്തുന്ന വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്റെ മതേതരമണ്ണില്‍ സ്ഥാനമില്ലെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. സംഘപരിവാർ നടപടിക്ക് നീതികരണമില്ലെന്ന് വി എം സുധീരൻ പറഞ്ഞു.
അതേ സമയം, ധിക്കാരവും മാപ്പില്ലാത്ത കുറ്റവുമാണിതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമർശിച്ചു. തുഷാർ ഗാന്ധിയെ സംഘ് പരിവാർ ശക്തികൾ തടഞ്ഞ സംഭവം ജനാധിപത്യ കേരളത്തിന് അപമാനകരമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. എതിർശബ്ദങ്ങളെ ഇല്ലാതാക്കുമെന്ന ആർ എസ് എസ്- ബി ജെ പി അജണ്ട കേരളത്തിൽ വിലപ്പോവില്ല. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും കുറ്റക്കാർക്കെതിരെ ചെറുവിരൽ അനക്കാത്ത പോലിസ് നടപടി അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.




