ജി സുധാകരന്റെ നോമിനേഷൻ അംഗീകരിച്ചു; അപരൻ കെ സുധാകരന്റേത് തള്ളി; വാദിച്ചത് സിപിഐഎം ഏരിയ സെക്രട്ടറി

ആലപ്പുഴ: അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായ മുൻ മന്ത്രിയും സിപിഐഎം നേതാവുമായ ജി സുധാകരന്റെ നോമിനേഷൻ അംഗീകരിച്ചു. എന്നാൽ ജി സുധാകരന്റെ അപരനായി മത്സരിക്കുന്ന കെ സുധാകരന്റെ നോമിനേഷൻ തള്ളി. സൂക്ഷ്മപരിശോധനയിൽ അപരനുവേണ്ടി വാദിച്ചത് സിപിഐഎം ഏരിയ സെക്രട്ടറിയായ അജയ് സുധീന്ദ്രനായിരുന്നു.
മാർച്ച് 22നാണ് സുധാകരൻ നോമിനേഷൻ സമർപ്പിച്ചത്. കോൺഗ്രസ് നേതാക്കളുടെ ഒപ്പമാണ് അദ്ദേഹം നോമിനേഷൻ സമർപ്പിച്ചത്. നിഷേധാത്മക സമീപനത്തിന്റെ പേരിലാണ് സുധാകരൻ സിപിഐഎമ്മുമായി ഇടഞ്ഞത്. പിന്നാലെ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ അമ്പലപ്പുഴയിൽ ഒരു സാധ്യത കണ്ട യുഡിഎഫ് സുധാകരനെ പിന്തുണയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.സുധാകരനെ പ്രശംസിച്ചുകൊണ്ട് നിരവധി കോൺഗ്രസ് നേതാക്കളും രംഗത്തുവന്നിരുന്നു. സുധാകരൻ നീതിമാനായ ഭരണാധികാരിയായിരുന്നു എന്നും ഒരു നുണയും പറയുന്ന ആളല്ല അദ്ദേഹം എന്നുമാണ് സതീശൻ പറഞ്ഞത്. ഒരു കാര്യം ചെന്നു പറഞ്ഞാൽ അതിൽ രാഷ്ട്രീയം നോക്കാതെ നേറും നെറിയും നോക്കി തീരുമാനമെടുക്കുന്ന ആളാണ്. മറ്റൊരു സിപിഐഎം മന്ത്രിയെ കുറിച്ചും തനിക്ക് ഇങ്ങനെ പറയാനുള്ള സാഹചര്യം ഉണ്ടായിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു.
ഇതിനിടെ സുധാകരനെ പിന്തുണയ്ക്കുന്ന നടപടിയിൽ കോൺഗ്രസിൽ പൊട്ടിത്തെറിയും ഉണ്ടായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി എം ജെ ജോബ് പ്രതിഷേധിച്ച് രാജിവെച്ചിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മര്യാദയും മാന്യതയുമില്ല, നേതൃത്വത്തിന് സഹജീവികളോട് അനുകമ്പയില്ല എന്നും ഇനി സീറ്റ് തന്നാലും വേണ്ട എന്ന് പറഞ്ഞാണ് ജോബ് പാർട്ടി വിട്ടത്.




