വീണ്ടും ചികിത്സാപ്പിഴവ്? തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവാവ് മരിച്ചു; രോഗിയെ മാനസികമായി പീഡിപ്പിച്ചെന്ന് പരാതി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചികിത്സാപ്പിഴവ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചതായി പരാതി. 37കാരൻ ബിസ്മില്ലാഖാനാണ് മരിച്ചത്. സഹോദരി നജ്മ ബീഗമാണ് പരാതി നൽകിയത്.
സംഭവത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുക, ശസ്ത്രക്രിയ വൈകിയതിന്റെ കാരണങ്ങളും മുഴുവൻ ചികിത്സാ രേഖകളും പരിശോധിക്കുക എന്നിവയാണ് ആവശ്യം. ഹൃദയസംബന്ധമായ അസുഖത്തിന് അടിയന്തര തൊറാസിക് സർജറി നിർദ്ദേശിച്ചിരുന്ന രോഗി മരിച്ചത് ഡോക്ടറുടെ പിന്തിരിപ്പിക്കുന്ന നിലപാടും അമിത ചെലവ് ആവശ്യപ്പെട്ടതും മൂലമാണെന്നാണ് ആരോപണം.
ജീവൻ തിരിച്ചുകിട്ടാൻ ഒരു ശതമാനം പോലും സാധ്യതയില്ലെന്ന് പറഞ്ഞ് ഡോക്ടർ പിന്തിരിപ്പിച്ചതായും 7.5 ലക്ഷം രൂപയുടെ ഉപകരണങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടതായും സഹോദരി നജ്മ ബിഷീബീഗത്തിന്റെ പരാതി. സൂപ്രണ്ടുമായി സംസാരിച്ചപ്പോൾ 2.5 ലക്ഷം രൂപ മതിയെന്ന് വ്യക്തമായെങ്കിലും ഡോക്ടറുടെ പെരുമാറ്റം മൂലം മനോവിഷമത്തിലായ രോഗി മരണപ്പെട്ടുവെന്നാണ് കുടുംബം പറയുന്നത്.




