മലപ്പുറത്തിന്‍റെ വികസന വിടവ് നികത്താൻ പ്രത്യേക പാക്കേജ് വേണമെന്ന് എംഎൽഎമാർ; ‘പ്രവാസികൾക്കായി പ്രത്യേക പദ്ധതികൾ വേണം’

മലപ്പുറം: വരാനിരിക്കുന്ന പതിനഞ്ചാം പഞ്ചവത്സര പദ്ധതിക്കാലയളവിൽ സംസ്ഥാനത്തെ വിഭവങ്ങളുടെ സന്തുലിതവും ജനസംഖ്യാനുപാതികവുമായ വിതരണം ഉറപ്പാക്കണമെന്നും മലപ്പുറം ജില്ല നേരിടുന്ന മുൻകാല വികസന വിടവുകൾ (ബാക്ക്‌ലോഗ്) നികത്താൻ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ജില്ലയിലെ എംഎൽഎമാർ ആവശ്യപ്പെട്ടു. സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച പദ്ധതി ആലോചനാ യോഗത്തിൽ ജില്ലയിലെ എംഎല്‍എമാര്‍ സംയുക്തമായി തയ്യാറാക്കി രേഖാമൂലം സമർപ്പിച്ച നിർദേശങ്ങളിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
2011-ലെ സെൻസസ് പ്രകാരം സംസ്ഥാന ജനസംഖ്യയായ 3.34 കോടിയിൽ 1.46 കോടിയും മലബാർ മേഖലയിലായിരുന്നു. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ 2024-ലെ വാർഷിക വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പ്രകാരം സംസ്ഥാന ജനസംഖ്യ 3.57 കോടിയായി ഉയർന്നിട്ടുണ്ട്. ജനസംഖ്യയുടെ പകുതിയോളം വരുന്ന മലബാർ മേഖലയിലേക്ക് വിഭവങ്ങളുടെ മൂന്നിലൊന്ന് ഭാഗം മാത്രമാണ് എത്തുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലകൾക്കും ജനസംഖ്യാനുപാതികമായി വിഭവങ്ങൾ നീതിപൂർവം വിതരണം ചെയ്യണമെന്നും, മലപ്പുറം ഇതുവരെ നേരിട്ട വികസന വിടവ് നികത്താൻ പ്രത്യേക പാക്കേജ് ആവിഷ്കരിക്കണമെന്നും എംഎൽഎമാർ ആവശ്യപ്പെട്ടു.




