നാലുവയസുകാരിക്ക് കുടിക്കൻ നൽകേണ്ട മരുന്ന് ഞരമ്പിൽ കുത്തിവച്ചു

ഗാന്ധിനഗർ: കുടിക്കാൻ നൽകേണ്ട മരുന്ന് നഴ്സിംഗ് വിദ്യാർഥി ഞരമ്പിലൂടെ കുത്തിവച്ചതിനെ തുടർന്ന് നാലുവയസുകാരിയുടെ ആരോഗ്യനില അതീവ ഗുരുതരമായി. ഗുജറാത്തിലെ മെഹ്സാന ജില്ലയിലുള്ള ജി.എം.ഇ.ആർ.എസ്. സിവിൽ ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിലാണ് സംഭവം നടന്നത്.
കൺപോള തൂങ്ങിപ്പോകുന്ന അസുഖത്തിനുള്ള ചികിത്സയ്ക്കായി വെള്ളിയാഴ്ച രാവിലെയാണ് പിതാവ് മനോജ് സിംഗ് സാല മകൾ ആർവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പീഡിയാട്രിക് വാർഡിൽ കുട്ടിക്ക് രണ്ട് കുത്തിവയ്പ്പുകൾ നൽകാനുണ്ടായിരുന്നു. ഇതിനിടെ ക്ലിനിക്കൽ ട്രെയിനിംഗിനെത്തിയ നാലാം സെമസ്റ്റർ ബിഎസ്സി നഴ്സിംഗ് വിദ്യാർഥി കുടിക്കാനുള്ള മരുന്ന് ഞരമ്പിലേക്ക് കുത്തിവയ്ക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. മുന്നറിയിപ്പ് നൽകിയിട്ടും വിദ്യാർഥി വകവച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു.
കുത്തിവയ്പ്പിന് പിന്നാലെ കുട്ടിയുടെ ആരോഗ്യനില വഷളായി. സംസാരിക്കാനോ നടക്കാനോ സാധിക്കാതെ കണ്ണുകൾ മാത്രം ചലിപ്പിക്കാൻ കഴിയുന്ന അവസ്ഥയിലായി കുട്ടി. തിങ്കളാഴ്ച അപസ്മാരമുണ്ടാവുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. ഹൃദയമിടിപ്പ് ഉയർന്നതോടെ പിഐസിയു ടീം സിപിആർ നൽകിയ ശേഷമാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച അധികൃതർ വകുപ്പ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. മറ്റ് നഴ്സിംഗ് ജീവനക്കാർ വിസമ്മതിച്ചതിനെ തുടർന്നാണ് സ്റ്റാഫ് നഴ്സ് അജയ് വിദ്യാർഥിയോട് കുത്തിവയ്പ്പ് എടുക്കാൻ ആവശ്യപ്പെട്ടതെന്ന് ആക്ടിംഗ് സിവിൽ സൂപ്രണ്ട് മുകേഷ് വോറ വ്യക്തമാക്കി. സ്റ്റാഫ് നഴ്സ് പറഞ്ഞതനുസരിച്ചാണ് കുത്തിവയ്പ്പ് എടുത്തതെന്ന് വിദ്യാർഥി പറയുമ്പോൾ, മരുന്ന് മറ്റൊരു രോഗിക്കുള്ളതായിരുന്നു എന്നാണ് അജയുടെ വാദം. ഇരുവരുടെയും ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക നിഗമനം.
തുടർന്ന് സ്റ്റാഫ് നഴ്സ് അജയിയെ സസ്പെൻഡ് ചെയ്തു. രത്നപ്രഭ നഴ്സിംഗ് കോളജ് പ്രിൻസിപ്പലിന് വിദ്യാർഥിക്കെതിരെ നടപടി ആവശ്യപ്പെട്ട് നോട്ടിസും നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഉന്നതതല സമിതി അന്വേഷിക്കും. ഇതിന്റെ ഭാഗമായി വഡ്നഗർ ആശുപത്രിയിലെ അമ്പതോളം നഴ്സിംഗ് വിദ്യാർഥികളുടെ ക്ലിനിക്കൽ ട്രെയിനിംഗ് താത്ക്കാലികമായി നിർത്തിവച്ചു. മരുന്ന് നൽകുന്നതിലെ പ്രോട്ടോക്കോൾ പാലിച്ചിട്ടുണ്ടോയെന്ന് സമിതി പരിശോധിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. അഹമ്മദാബാദിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.




