സൗദിയും ഹൂതികളും നേർക്കുനേർ ; ജിദ്ദ ഉൾപ്പെടെയുള്ള തുറമുഖങ്ങൾ തകർക്കുമെന്ന് ഭീഷണി

ടെൽഅവീവ്/സന: സൗദി തലസ്ഥാനമായ റിയാദിലെ കിങ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലുള്ള കെട്ടിടത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും യെമനിലെ ഹൂതികളും തമ്മിലുള്ള സംഘർഷം കലുഷിതമാകുന്നു.
യെമനിലെ ഹൂതി നിയന്ത്രണത്തിലുള്ള ഹൂദൈദ തുറമുഖത്തെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ സൗദിയുടെ സഖ്യസേന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഹുദൈദ ആക്രമിച്ചാൽ സൗദിയുടെ ജിദ്ദ ഉൾപ്പെടെയുള്ള ചെങ്കടൽ തീരത്തെ തുറമുഖങ്ങൾ തിരിച്ചാക്രമിക്കുമെന്ന് ഹൂതികൾ ഭീഷണിയും മുഴക്കി.
ഹൂദൈദ തുറമുഖത്തിന് നേരെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന തുറമുഖത്തിന് സമീപമുള്ള സാധാരണക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് നിർദേശിച്ചത്. തുടർന്നാണ് ഹൂദൈദ തുറമുഖത്തിന് നേരെ ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്നാണ് ഹൂതി സൈനിക വക്താവ് യഹ്യ സരീ അറിയിച്ചിരിക്കുന്നത്.
മാത്രമല്ല, തുറമുഖങ്ങളിലെ ജീവനക്കാരോടും തൊഴിലാളികളോടും സമീപപ്രദേശങ്ങളിലെ താമസക്കാരോടും ഉടൻ ഒഴിഞ്ഞുപോകാൻ ഹൂതികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ തുറമുഖങ്ങളിലേക്ക് ചരക്കുകപ്പലുകൾ അയക്കരുതെന്നും നിലവിലുള്ള കപ്പലുകൾ മാറ്റണമെന്നും ഷിപ്പിങ് കമ്പനികൾക്ക് നിർദേശം നൽകി.അതേസമയം, ഹൂദൈദ തുറമുഖത്തെ ഹൂതികളുടെ പ്രവർത്തനശേഷി ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. വടക്കൻ യെമനിലെ സഅദ, അംറാൻ പ്രവിശ്യകളിലെ നിരവധി കേന്ദ്രങ്ങളും തകർത്തതായാണ് സഖ്യസേനയുടെ അവകാശവാദം. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
യെമനിലേക്ക് ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുന്ന പ്രധാന കവാടമാണ് ഹൂദൈദ തുറമുഖം. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളിൽ 90 ശതമാനത്തിലധികവും ഈ തുറമുഖം വഴിയാണ് എത്തുന്നത്. അതിനാൽ തുറമുഖത്തിന് നേരെയുള്ള ആക്രമണം യെമനിലെ സാധാരണക്കാരുടെ ജീവിതത്തെയും മാനുഷിക സഹായ വിതരണത്തെയും ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയുണ്ട്.




