‘പറഞ്ഞു തീർക്കാൻ പറ്റാത്ത ഒരു പ്രശ്നവും ഇല്ല,ഇനി ഒരു കുടുംബത്തിനും ഈ സ്ഥിതി വരരുത്’; വൈകാരിക പ്രതികരണവുമായി ധനരാജിന്റെ ഭാര്യ

ശിക്ഷാ വിധിയ്ക്ക് പിന്നാലെ വൈകാരിക പ്രതികരണവുമായി കൊല്ലപ്പെട്ട സി വി ധനരാജിന്റെ ഭാര്യ സജിനി. കോടതിയുടെ ശിക്ഷാവിധി അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുന്നു. ഇനി ഒരു കുടുംബത്തിന്റെ കണ്ണീർ വീഴരുതെന്നും ഏതൊരു കാര്യവും പറഞ്ഞു തീർക്കണമെന്നുമാണ് പ്രതികരണം. പതിനാറ് പ്രതികളെ വെറുതെ വിട്ട ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നത് ആലോചിക്കുമെന്നാണ് സിപിഐഎം പ്രതികരണം.
ധനരാജിന്റെ കൊലയാളികൾക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. യുദ്ധങ്ങൾ അവസാനിക്കും,നേതാക്കൾ ഹസ്തദാനം ചെയ്യും. ആ വൃദ്ധ തന്റെ രക്തസാക്ഷിയായ മകനെ കാത്തിരിക്കും. പലസ്തീൻ കവി മഹ്മൂദ് ദർവീഷിൻ്റെ വിഖ്യാതമായ കവിതയിലെ വരികൾ ഉദ്ധരിച്ചാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ പ്രശാന്ത് വിധി വായിച്ചത്. കൊലപാതകത്തിന് ജീവപര്യന്തം തടവും, വീട്ടിൽ അതിക്രമിച്ചു കടന്നതിന് മൂന്നുമാസവും, അമ്മയെ ആക്രമിച്ചതിനു ഒരു വർഷവും, ഭീഷണിപ്പെടുത്തൽ, ആയുധം ഉപയോഗിച്ച് ആക്രമിക്കൽ എന്നി കുറ്റങ്ങൾക്ക് ഒരു മാസവും, നാല് വർഷവും എന്നിങ്ങനെയാണ് ശിക്ഷ. അഞ്ചു വർഷവും നാല് മാസവും ശിക്ഷ അനുഭവിച്ച ശേഷമേ ജീവപര്യന്തം ശിക്ഷ തുടങ്ങു. പ്രതികൾ അഞ്ചു ലക്ഷം വീതം 15 ലക്ഷം പിഴയും നൽകണം.
പിഴ ഒടുക്കാത്ത പക്ഷം അഞ്ചുവർഷം തടവ് കൂടുതൽ അനുഭവിക്കണം. ശിക്ഷാവിധിയിൽ സമ്പൂർണ്ണ തൃപ്തരെന്നു പ്രോസിക്യൂഷൻ.
20 പ്രതികൾ ഉള്ള കേസിൽ 12-ാം പ്രതി സി ബിജു നേരത്തെ കൊല്ലപ്പെട്ടിരുന്നു. വിചാരണ നേരിട്ട 19 പേരിൽ 16 പേരെയും സംശയത്തിന്റെ ആനുകൂല്യത്തിൽ കോടതി കുറ്റ വിമുക്തരാക്കിയിരുന്നു.




