എൽ ഡി എഫ് ഭരണസമിതിയെ പിരിച്ചുവിട്ടത് രാഷ്ട്രീയ പ്രേരിതമായി; മലബാർ മിൽമ ചെയർമാൻ കെ എസ് മണി

മലബാർ മിൽമയിലെ എൽ ഡി എഫ് ഭരണസമിതിയെ രാഷ്ട്രീയ പ്രേരിതമായാണ് പിരിച്ച് വിട്ടതെന്ന് ചെയർമാൻ കെ എസ് മണി. അധികാരമേറ്റശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഭരണസമിതിക്ക് 2030 ഫെബ്രുവരി വരെ കാലാവധി ഉണ്ടെന്നും രാഷ്ട്രീയ പ്രേരിതമായാണ് ഭരണസമിതിയെ പിരിച്ചുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും സ്വീകരണം ലഭിച്ചതിൽ സന്തോഷം ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
മിൽമ ഒരു വ്യവസായ സ്ഥാപനമാണെന്നും ഈ മേഖലയെ ചിലർ തകർക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സ്വകാര്യവത്കരത്തെ പ്രോത്സാഹിപ്പിക്കാൻ ആണോ ശ്രമം എന്ന് സംശയിക്കുന്നുതായും അദ്ദേഹം പറഞ്ഞു. പവർ പ്ലാൻ്റിന് വേണ്ടി ഒന്നര കോടി രൂപ ചിലവഴിച്ചു എന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. പണം വകയിരുത്തിയത് ഭരണസമിതിയാണെന്നും പാഴ് ചിലവ് നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തുക്ഷീര കർഷകർ പ്രതിസന്ധി നേരിടുന്നുണ്ടെന്നും അവരെ സഹായിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്നും ചെയർമാൻ പറഞ്ഞു. അഴിമതി വച്ച് പൊറുപ്പിക്കില്ല എന്നതാണ് തൻ്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ഇല്ലാക്കഥ പറഞ്ഞ് പുറത്ത് ആക്കുകയല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. 15 അംഗ ഭരണസമിതിയാണ് ഇന്ന് ചുമതല ഏറ്റത്.
മലബാർ മിൽമ യൂണിയൻറെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി പിരിച്ചുവിട്ട ക്ഷീരവികസന വകുപ്പ് നടപടി ഹൈക്കോടതി റദ്ദാക്കിക്കിയിരുന്നു. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് പിരിച്ചുവിടൽ നടന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഈ മാസം 24നകം ഭരണസമിതി പുനഃസ്ഥാപിക്കണമെന്ന് നിർദേശിക്കുകയായിരുന്നു.




