യുവ ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ച കേസ്: അതുല്യ ചന്ദ്രയും ബിബിന്‍ പെരുമ്പിള്ളിയും ജയില്‍ മോചിതരായി

യുവ ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ച കേസിൽ റിമാന്‍ഡിലായിരുന്ന നടി അതുല്യ ചന്ദ്ര ജയില്‍ മോചിതയായി. കാക്കനാട്ടെ വനിത ജയിലില്‍ നിന്ന് വെള്ളിയാഴ്ച 12 മണിയോടെയാണ് അതുല്യ പുറത്തിറങ്ങിയത്. അതുല്യയ്ക്ക് പുറമെ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന നടന് ബിബിന്‍ പെരുമ്പിള്ളി, കെ ബി വിഷ്ണു എന്നിവരും ജയിലില്‍ നിന്ന് പുറത്തിറങ്ങി.
എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് മൂവര്‍ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചത്. തന്റെ ബന്ധുവിന് അസുഖമാണെന്ന് പറഞ്ഞ് കൊച്ചി പൊന്നുരുന്നിയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം ഡോക്ടറെ തടഞ്ഞുവെച്ച് മര്‍ദിക്കുകയും 3 ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ ഫോണുകളും സ്മാര്‍ട്ട് വാച്ചും ഇയര്‍പോഡും തട്ടിയെടുത്തെന്നാണ് ഇവർക്കെതിരായ കേസ്.
ഇക്കഴിഞ്ഞ 5നാണ് അതുല്യ ചന്ദ്രയെയും കൂട്ടാളികളെയും കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം പരാതിക്കാരനായ ഡോ. ജോണ്സണ് കെ വര്‍ഗീസ് ബലാത്സംഗക്കേസില്‍ ഒളിവിലാണ്. പ്രതികളിലൊരാളുടെ ബന്ധുവിനെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്ന പരാതിയിലാണ് ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തിങ്കളാഴ്ച പരിഗണിക്കും.




