ബാങ്കില്‍നിന്ന് പണം പിന്‍വലിച്ച് പുറത്തിറങ്ങിയ യുവാവിനെ ആക്രമിച്ച് 9.95 ലക്ഷം രൂപ കവര്‍ന്നു; ഹവാല പണമെന്ന് സംശയം, യുവാവ് അറസ്റ്റില്‍

മലപ്പുറം: ബാങ്കില്‍നിന്ന് പണം പിന്‍വലിച്ച് പുറത്തിറങ്ങിയ യുവാവിനെ ആക്രമിച്ച് 9.95 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കവര്‍ന്ന പണം ഹവാല ഇടപാടുമായി ബന്ധപ്പെട്ടതാണെന്ന പൊലീസിന്റെ പ്രാഥമിക സംശയമാണ് കേസില്‍ നിര്‍ണായകമായിരിക്കുന്നത്. നാട്ടുകല്ല് കൊടക്കാട് സ്വദേശി പനങ്ങാട്ടുതൊടി മുഹമ്മദ് ഷാഫി (23)യെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെ 11.45ഓടെ നിലമ്പൂര്‍ ജില്ലാ ആശുപത്രി റോഡിലെ ബാങ്ക് ഓഫ് ബറോഡയ്ക്ക് മുന്നിലായിരുന്നു സംഭവം. അമരമ്പലം സൗത്ത് കിഴക്കേ പാലാമഠം സ്വദേശി കുമ്മാളി ഫിറോസ് ബാങ്കില്‍നിന്ന് 9.95 ലക്ഷം രൂപ പിന്‍വലിച്ച് പുറത്തിറങ്ങിയപ്പോള്‍ കാത്തുനിന്ന നാലംഗസംഘം ആക്രമിച്ച് പണമടങ്ങിയ പൊതി തട്ടിയെടുത്ത് കാറില്‍ രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തില്‍ ഫിറോസിന്റെ കൈക്ക് പരിക്കേറ്റു.
ഫിറോസിന്റെ ബാങ്ക് അക്കൗണ്ട് ഹവാല ഇടപാടുകാര്‍ വാടകയ്‌ക്കെടുത്തതാണെന്നാണ് പൊലീസിന്റെ സംശയം. അക്കൗണ്ടിലേക്ക് എത്തുന്ന പണം കമ്മിഷന്‍ എടുത്തശേഷം പുറത്തു കാത്തുനില്‍ക്കുന്നവര്‍ക്ക് കൈമാറാനായിരുന്നു നിര്‍ദേശമെന്നാണ് വിവരം. എന്നാല്‍, പണം മുഴുവനായി കൈക്കലാക്കാന്‍ ഫിറോസ് ശ്രമിച്ചതോടെയാണ് ബാങ്കിന് മുന്നില്‍വെച്ച് ആക്രമണവും പിടിച്ചുപറിയും ഉണ്ടായതെന്നാണ് സൂചന. പണത്തിന്റെ ഉറവിടം, ആരാണ് അയച്ചത് തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നിലമ്പൂര്‍ ഡിവൈ.എസ്.പി കെ. റഫീഖിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഷാഫി പിടിയിലായത്. പരാതിക്കാരന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് കവര്‍ച്ചാസംഘത്തിന് വിവരം കൈമാറിയത് ഷാഫിയാണെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കവര്‍ച്ചയ്ക്കുപയോഗിച്ച സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഘത്തിലെ മറ്റുള്ളവര്‍ക്കായി അന്വേഷണം തുടരുകയാണ്.




