Uncategorized

മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് വിവാദം: വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടിയിലേക്ക് കടന്നേക്കില്ല

തിരുവനന്തപുരം: സംഘപരിവാര്‍ അനുകൂല അധ്യാപക സംഘടനയ്ക്ക് സംസ്ഥാനത്തെ സ്‌കൂളുകളില്‍ മയില്‍പ്പീല് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ നടത്തിയ നീക്കത്തില്‍ വിദ്യാഭ്യാസ വകുപ്പില്‍ കടുത്ത നടപടി ഉണ്ടായേക്കില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്. പരീക്ഷ റദ്ദാക്കിയതോടെ വിവാദം അവസാനിച്ചുവെന്നാണ് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നത്.ഈ സര്‍ക്കാരിലൂടെ ഭരണം നടത്തുന്നത് സംഘപരിവാറാണെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം അതിരൂക്ഷ വിമര്‍ശനം ഈ വിഷയത്തില്‍ ഉന്നയിക്കുമ്പോഴാണ് വിവാദം അവസാനിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ മാസം മുതല്‍ നടന്ന എല്ലാ പരീക്ഷകളും സ്‌കോളര്‍ഷിപ്പും റദ്ദാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ച് കഴിഞ്ഞതോടെ വിവാദം അവസാനിച്ചതായാണ് വിലയിരുത്തല്‍. കുറച്ച് കാലങ്ങളായി വിവിധ പാര്‍ട്ടികളുമായി ബന്ധമുള്ള അധ്യാപക സംഘടനകള്‍ സ്‌കോളര്‍ഷിപ്പും ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കാറുണ്ടെന്നും അതിനൊക്കെ അനുമതി നല്‍കാറുണ്ടെന്നും വിശദീകരിച്ചാണ് വിവാദം അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നത്.ആര്‍എസ്എസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനാ സംവിധാനമാണ് ബാലഗോകുലം. ബാലഗോകുലം പുറത്തിറക്കുന്ന മയില്‍പ്പീലി മാസികയുമായി ചേര്‍ന്നുകൊണ്ടാണ് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി യങ് സ്‌കോളര്‍ എക്സാം എന്ന പേരില്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി സംഘടിപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രി അറിയാതെ നടന്ന ഈ സ്‌കോളര്‍ഷിപ്പ് പരീക്ഷ പിന്നീട് പിന്‍വലിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button