Uncategorized

രാത്രി തട്ടിൻമുകളില്‍ നിന്ന് ഇരയുമായി പാമ്പ് ഇടിഞ്ഞ് വീണത് രേവതിയുടെ മേലേക്ക്! എവിടെ നോക്കിയാലും പാമ്പ്, വലഞ്ഞ് കുടുംബം

കൊല്ലം: വീട്ടിൽ എവിടെ നോക്കിയാലും പാമ്പ്. പല വലിപ്പത്തിൽ പലയിനം. കട്ടിലിനടിയിലും കതകിനിടയിലും പുതപ്പിനടിയിലും വരെ വിഷപ്പാമ്പുകൾ. വീടിനടിയിൽ മുഴുവൻ മാളങ്ങൾ. പത്തനാപുരത്തുള്ള ഒരു വീട്ടിലാണ് സംഭവം. പാമ്പുകളെ പേടിച്ച് ജീവിതം വഴിമുട്ടിയിരിക്കുകയാണ് അവിടെ താമസിക്കുന്നവ‍ർക്ക്. പിടവൂർ മൂലങ്കോട് രാജേഷ് ഭവനിൽ രേവതിയും രേണുകയുമാണ് പാമ്പുകൾ മൂലം ജീവിതം ദുരിതത്തിലായിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങൾ മൂലം ജോലിക്ക് പോകാൻ കഴിയാത്ത പിതാവ് രാജേഷിനെയും കൊണ്ട് എന്തു ചെയ്യണമെന്നറിയത്ത അവസ്ഥയിലാണിവർ. പലതവണ അധികൃതരോട് പരാതി പറഞ്ഞു മടുത്തു എന്നാണ് കുടുംബം പറയുന്നത്.

രണ്ടാഴ്ച മുമ്പാണ് പാമ്പിന്‍റെ ശല്യം രൂക്ഷമായത്. ഉറങ്ങി കിടന്ന രേവതിയുടെ മുകളിലേക്ക് വീടിന്‍റെ ഉത്തരത്തിൽ നിന്നുപാമ്പ് വന്നുവീണു. എലിയെ പിടിക്കാൻ കയറിയപ്പോഴാണ് പാമ്പ് നിലം പതിച്ചത്. ഇരയുമായി വന്ന് വീണ പാമ്പ് രേവതിയെ കടിയ്ക്കുകയും ചെയ്തു. പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രേവതി കഴിഞ്ഞ ദിവസമാണ് തിരികെ മടങ്ങിയെത്തിയത്. വൈകിട്ട് തന്നെ വീണ്ടും ഉഗ്രവിഷമുള്ള പാമ്പിനെ വീട്ടുപരിസരത്ത് കണ്ടു. പിന്നാലെ വീടിന്‍റെ നിർമ്മാണത്തിലിരിക്കുന്ന ഭാഗത്തേക്ക് പാമ്പ് കയറി പോയി. പിന്നെയും വീടിന്‍റെ പരിസരത്ത് പല ഭാഗത്തായി പാമ്പുകളെ കണ്ടു. പാമ്പിന് പിന്നാലെ മഴക്കെടുതി കുടുംബത്തിന് ഇരട്ടി ദുരിതമായിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ ഇവരുടെ വീടിന്‍റെ മേൽക്കൂര കാറ്റിൽ പറന്നു പോയി. തകർന്നു നിലം പൊത്താറായ വീട് പൊളിച്ച് പണിയുക മാത്രമാണ് മാർഗം. ഉദ്യോഗസ്ഥരും, രാഷ്ട്രീയ പ്രവർത്തകരും വീട്ടിലെത്തി പരിശോധനയൊക്കെ നടത്തിയെങ്കിലും പരിഹാരം മാത്രമായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button