Uncategorized

‘യുഡിഎഫ് ഭരണകാലത്ത് അട്ടപ്പാടിയിലെ പോഷകാഹാര വിതരണവും ആശുപത്രി പ്രവർത്തനങ്ങളും നിലച്ചു’: കെ കെ ശൈലജ ടീച്ചർ

മുൻ യുഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് അട്ടപ്പാടി പ്രദേശത്ത് പോഷകാഹാര വിതരണവും സർക്കാർ ആശുപത്രി സംവിധാനങ്ങളുടെ പ്രവർത്തനവും പൂർണമായി നിലച്ചുവെന്നും ഇതാണ് അവിടെ ശിശുമരണങ്ങൾ വർധിക്കാൻ കാരണമായതെന്നും കെ കെ ശൈലജ ടീച്ചർ. 2013, 2014, 2015 വർഷങ്ങളിൽ അട്ടപ്പാടിയിൽ ശിശുമരണ നിരക്ക് വർധിച്ചു. കേരളത്തിൽ പൊതുവേ 1000 പ്രസവത്തിന് 12 എന്ന കുറഞ്ഞ ശിശുമരണ നിരക്ക് നിലനിൽക്കുമ്പോഴാണ് അട്ടപ്പാടിയിൽ മാത്രം ശിശുമരണ നിരക്ക് 34 ശതമാനം വരെ ഉയർന്നത് എന്ന് ശൈലജ ടീച്ചർ ചൂണ്ടിക്കാട്ടി.

1957ലെ ആദ്യ ഇടതുപക്ഷ ഗവൺമെന്റ് നടപ്പിലാക്കിയ സ്റ്റേ ഓഫ് എവിക്ഷൻ ഓർഡിനൻസും ഭൂപരിഷ്കരണവും എല്ലാ ഗ്രാമങ്ങളിലും സ്കൂളുകളും ആശുപത്രികളും സ്ഥാപിച്ച നയങ്ങളുമാണ് കേരളത്തിലെ പൊതു വികസന മുന്നേറ്റത്തിന് അടിത്തറയിട്ടതെന്നും അവർ പറഞ്ഞു. എന്നാൽ, അട്ടപ്പാടിയിലെ പ്രത്യേക സാഹചര്യത്തിൽ യുഡിഎഫ് സർക്കാരിന്റെ അവഗണന മൂലം പോഷകാഹാര വിതരണം നിലയ്ക്കുകയും ശിശുമരണങ്ങൾ പെരുകുകയും ചെയ്തതോടെയാണ് 2016ൽ അധികാരത്തിൽ വന്ന പിണറായി വിജയൻ സർക്കാർ വിഷയം ഗൗരവമായി എടുത്തത്. കേരളത്തിലെ മൊത്തം ശിശുമരണ നിരക്ക് 12 എന്ന ഇരട്ട അക്കത്തിൽ നിന്ന് സിംഗിൾ ഡിജിറ്റിലേക്ക് താഴ്ത്തുക, അട്ടപ്പാടിയിലെ ശിശുമരണങ്ങൾ തടയുക എന്നിവയ്ക്കാണ് എൽഡിഎഫ് സർക്കാർ പ്രഥമ പരിഗണന നൽകിയതെന്ന് മുൻ ആരോഗ്യ മന്ത്രി പറഞ്ഞു.ഉദ്യോഗസ്ഥരുമായും ഡോക്ടർമാരുമായും നടത്തിയ വിപുലമായ ചർച്ചകളിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങുന്നത്, ജനിക്കുമ്പോഴുള്ള തൂക്കക്കുറവ്, ജനിതക വൈകല്യങ്ങൾ എന്നിവയ്‌ക്കൊപ്പം 30 ശതമാനത്തിലധികം ശിശുമരണങ്ങൾക്കും കാരണം ജന്മനായുള്ള ഹൃദയ വൈകല്യങ്ങളാണെന്ന് കണ്ടെത്തി. തുടർന്ന് ഇതിനായി ഹൃദ്യം പദ്ധതി ആവിഷ്കരിക്കുകയും തിരുവനന്തപുരത്ത് പ്രത്യേക കൺട്രോൾ റൂം തുറന്ന് മിഷൻ അടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. സംസ്ഥാനത്തെ 1067 പ്രസവകേന്ദ്രങ്ങളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഹൃദയ വൈകല്യങ്ങൾ കണ്ടാൽ ഉടനടി ഹൃദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും, ആംബുലൻസ് സൗകര്യമൊരുക്കി കുഞ്ഞിനെയും മാതാപിതാക്കളെയും ശസ്ത്രക്രിയാ സൗകര്യമുള്ള ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.

അക്കാലത്ത് സർക്കാർ മേഖലയിൽ പീഡിയാട്രിക് കാർഡിയാക് സർജറി സംവിധാനം ലഭ്യമാകാതിരുന്നതിനാൽ അമൃത, ലിസി, ലിറ്റിൽ ഫ്ലവർ, ആസ്റ്റർ മിംസ് തുടങ്ങിയ പ്രമുഖ സ്വകാര്യ ആശുപത്രികളുമായി സർക്കാർ കരാറുണ്ടാക്കി. 6 ലക്ഷം മുതൽ 8 ലക്ഷം രൂപ വരെ ചെലവ് വരുന്ന ഹൃദയ ശസ്ത്രക്രിയകൾ പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെ കുട്ടികൾക്ക് പൂർണമായും സൗജന്യമായി നൽകി. ഇതിലൂടെ ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് പുതുജീവൻ നൽകാൻ സാധിച്ചുവെന്നും അതോടൊപ്പം സർക്കാർ മെഡിക്കൽ കോളേജുകളിൽ കാർഡിയാക് സർജറി സൗകര്യങ്ങൾ ആരംഭിക്കാൻ നടപടി സ്വീകരിച്ചുവെന്നും ശൈലജ ടീച്ചർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button