മഞ്ചേശ്വരത്ത് അനധികൃതമായി ചൈനീസ് പടക്കങ്ങൾ വിറ്റ യുവാക്കൾ പിടിയിൽ

കാസർഗോഡ് മഞ്ചേശ്വരത്ത് ദീപാവലി വിപണി ലക്ഷ്യമിട്ട് രേഖകളോ ലൈസൻസോ ഇല്ലാതെ അനധികൃതമായി ചൈനീസ് പടക്കങ്ങൾ വിറ്റ യുവാക്കൾ പിടിയിലായി. മഞ്ചേശ്വരം, മജീർപള്ള ബജ്ജെ ഹൗസിൽ പ്രവീൺകുമാറും (33), ഹോസങ്കടി ബങ്കര മഞ്ചേശ്വരം മീത്ത കനില വീട്ടിൽ ഭരത് എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.
മൂഡംബൈൽ മജീർപള്ളി കവലയിൽ പൊതുസ്ഥലത്ത് പടക്ക വിൽപന നടത്തുകയായിരുന്നു പ്രവീൺ കുമാർ. ബങ്കര മഞ്ചേശ്വരത്ത് പൊതു സ്ഥലത്താണ് ഭരത് പടക്കം വിറ്റത്. ജനവാസ മേഖലയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും, മുൻകരുതലുകളുമില്ലാതെയുമാണ് സ്ഫോടകവസ്തുക്കൾ വിൽപനയ്ക്ക് വെച്ചതെന്നും, നിരോധിത ചൈനീസ് പടക്കങ്ങൾ വിൽക്കുന്നവർക്കെതിരെയും അനധികൃത സംഭരണത്തിനെതിരെയും വരുംദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
വലിയ അപകടങ്ങളാണ് ഇത്തരത്തിൽ അനധികൃതമായി പടക്ക വിൽപ്പന നടത്തുന്നതിലൂടെ ഉണ്ടാകുന്നത്. പൊതുസ്ഥലത്ത് ഇത്തരത്തിൽ അനധികൃത വിൽപ്പന നടത്തുന്ന പടക്കക്കടകളിൽ എന്തെങ്കിലും അപകടങ്ങൾ ഉണ്ടാകുകയാണെങ്കിൽ അത് പൊതുജനങ്ങളുടേയും ജീവന് വലിയ ഭീഷണിയാണ്.



