Uncategorized

കരതൊട്ട് മുരസു ചുഴലിക്കാറ്റ്: ഓംഗോളിലും പരിസരങ്ങളിലും അതിശക്തമായ കാറ്റും മഴയും

അമരാവതി: ആന്ധ്രാപ്രദേശിലെ ഓംഗോളിലെ തീരത്ത് കരതൊട്ട് മുരസു ചുഴലിക്കാറ്റ്. പുലര്‍ച്ചെ നാല് മണിയോടെയാണ് ചുഴലിക്കാറ്റിന്റെ മധ്യഭാഗം കരയില്‍ എത്തിയത്. ഓംഗോളിലും പരിസരങ്ങളിലും അതിശക്തമായ കാറ്റും മഴയും തുടരുകയാണ്. നെല്ലൂര്‍, കൃഷ്ണ, പ്രകാശം,ബാപട്‌ല പ്രദേശങ്ങളിലുള്ളവരെ നേരത്തെ തന്നെ മാറ്റി പാര്‍പ്പിച്ചിരുന്നു.തമിഴ്‌നാട്ടിലും മഴ മുന്നറിയിപ്പുണ്ട്. ഏഴു ജില്ലകളിലും പുതുച്ചേരിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവണ്ണാമലൈ, കള്ളാക്കുറിച്ചി, വില്ലുപുരം, കടലൂര്‍, സേലം എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട്. ചെന്നൈ, തിരുവള്ളൂര്‍ എന്നിവിടങ്ങളിലെ മഴ മുന്നറിയിപ്പ് പിന്‍വലിച്ചു.19 വിമാനങ്ങള്‍ റദ്ദാക്കി. വിജയവാഡ, തിരുപ്പതി,വിശാഖപ്പട്ടണം എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. തീരദേശ മേഖലയിലൂടെ സര്‍വീസ് നടത്തുന്ന ട്രയിനുകളും റദ്ദാക്കി.

അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും മറ്റന്നാളും ഒരു ജില്ലയിലും പ്രത്യേക മഴമുന്നറിയിപ്പില്ല. വെള്ളിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. മഴയ്‌ക്കൊപ്പം വിവിധയിടങ്ങളില്‍ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button