Uncategorized

‘ഗ്യാനേഷ് രണ്ട് കോടി കൈക്കൂലി ആവശ്യപ്പെട്ടു’; മലേഷ്യൻ എൻജിനീയറുടെ മരണത്തിൽ ഗുരുതര ആരോപണവുമായി കരാറുകാരൻ

തിരുവനന്തപുരം: മലേഷ്യന്‍ എഞ്ചിനിയറായ ലീ സീ ബിന്നിന്റെ ആത്മഹത്യയ്ക്ക് കാരണം ഗ്യാനേഷ് കുമാര്‍ ആണെന്ന് പതിബെല്‍ കമ്പനിയിലെ മെറ്റീരിയല്‍ സപ്ലെയുടെ കരാര്‍ നടത്തിയ സാജന്‍. കെഎസ്ടിപി കരാര്‍ ഏറ്റെടുത്തിരുന്ന പതിബെലിന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാര്‍ ബില്ലുകള്‍ മാറി കൊടുത്തില്ലെന്നും കടുത്ത മനോവിഷമത്തിലായിരുന്നു ലീ സീ ബിന്നെന്നും സാജന്‍ ആരോപിച്ചു.

ബില്‍ മാറുന്നതിന് ഗ്യാനേഷ് രണ്ട് കോടിയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഗ്യാനേഷ് കുമാര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ലി പറഞ്ഞിരുന്നു. ചടയമംഗലത്ത് തന്റെ വീടിന് സമീപത്തായിരുന്നു ലി താമസിച്ചിരുന്നത്. കൈക്കൂലി നല്‍കാത്തതിനെ തുടര്‍ന്ന് ബില്ലുകള്‍ പാസാവാതെ വരികയും ലി സി ബിന്നിന് തന്റെ കരാറുകാര്‍ക്ക് പണം നല്‍കാനാവാതെ വരികയും ചെയ്തുവെന്ന് സാജന്‍ പറയുന്നു.വലിയ സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് ബില്‍ പാസാവുന്നത് വരെ പിടിച്ചു നില്‍ക്കുന്നതിനായി പതിബെലിന്റെ ബെംഗളുരു പ്രൊജക്ടില്‍ നിന്ന് മലേഷ്യന്‍ കമ്പനി അറിയാതെ പണം കടം വാങ്ങിയാണ് ലി കാര്യങ്ങള്‍ മാനേജ് ചെയ്തത്. എന്നാല്‍ പൊതുമരാമത്ത് സെക്രട്ടറിയില്‍ നിന്ന് ബില്ല് പാസാവാതെ വന്നതോടെ ലി സി ബിന്‍ വലിയ പ്രതിസന്ധി നേരിട്ടു. ഇതാണ് ലിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സാജന്‍ ആരോപിക്കുന്നു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടക്കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സാജന്‍ അറിയിച്ചു.എം സി റോഡിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കെഎസ്ടിപി (കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട് പ്രോജക്ട്) യുടെ പദ്ധതി നടപ്പാക്കിയ പതിബെല്‍ കമ്പനിയുടെ ചീഫ് പ്രോജക്ട് മാനേജറായിരുന്നു ലീ സീ ബിന്‍. മലേഷ്യയിലെ സുബാങ് റിയ പാര്‍ക്കിലെ തടാകത്തിനു സമീപത്തെ ഇരുമ്പു നടപ്പാലത്തിന് കീഴിലാണ് 2006ല്‍ ലീ സീ ബീന്‍ ആത്മഹത്യ ചെയ്തത്. രണ്ട് ആത്മഹത്യക്കുറിപ്പുകളാണ് കേസില്‍ പൊലീസ് കണ്ടെടുത്തത്. പതിയുടെ ഡയറക്ടര്‍ റോസ് ലീക്കാണ് ഒരു കത്ത്. രണ്ടാമത്തെ കത്ത് കുടുംബത്തിനുള്ളതുമായിരുന്നു. കേരളത്തിലെ ഉദ്യോഗസ്ഥരുടെ കടുത്ത അഴിമതിയെക്കുറിച്ച് രണ്ട് കത്തിലും പരാമര്‍ശമുണ്ടായിരുന്നു. കൈക്കൂലി ആവശ്യപ്പെട്ട് പദ്ധതി തടസ്സപ്പെടുത്തുന്നതായി ലീ സഹപ്രവര്‍ത്തകരോടും പറഞ്ഞിരുന്നു. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറായിരുന്നു അന്ന് പൊതുമരാമത്ത് സെക്രട്ടറി.

അഴിമതി ആരോപണത്തെത്തുടര്‍ന്ന് ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്നു മാറ്റി. പിന്നീട് വിജിലന്‍സ് അന്വേഷണം നടത്തി 2007ല്‍ സര്‍ക്കാര്‍ 35 കോടി രൂപ കമ്പനിക്ക് നഷ്ടപരിഹാരം നല്‍കിയിരുന്നു. 2016ല്‍ ഗ്യാനേഷ് കുമാര്‍ കേന്ദ്ര ഡപ്യൂട്ടേഷനില്‍ പോവുകയും 2025 ഫെബ്രുവരി 19ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിതനാവുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button