Uncategorized

ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍; സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

തിരുവനന്തപുരം: ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടായിരിക്കില്ല. തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അധിക വൈദ്യുതി വാങ്ങി പ്രതിസന്ധി മറികടക്കാനാണ് നീക്കം. 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്‍ ശനിയാഴ്ച അനുമതി നല്‍കിയിരുന്നു. റൗണ്ട് ക്ലോക്ക് അടിസ്ഥാനത്തില്‍ വൈദ്യുതി വാങ്ങാനായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. കൂടുതല്‍ വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ മറ്റ് മാര്‍ഗങ്ങളും കെഎസ്ഇബി തേടുന്നുണ്ട്.

വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു വൈദ്യുതി വാങ്ങുന്നതിനായി കെഎസ്ഇബി റെഗുലേറ്ററി കമ്മീഷന് അപേക്ഷ നല്‍കിയത്. ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ സാഹചര്യം കണക്കിലെടുത്തായിരുന്നു കെഎസ്ഇബിയുടെ നീക്കം. അപേക്ഷ പരിഗണിച്ച റെഗുലേറ്ററി കമ്മീഷന്‍ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ അനുമതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ടിപിസി, പവര്‍ പള്‍സ് ട്രേഡിങ് സൊല്യൂഷന്‍സ് ലിമിറ്റഡ് എന്നീ കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങാനാണ് തീരുമാനം. ഓരോ കമ്പനികളില്‍ നിന്നായി 100 മെഗാവാട്ട് വൈദ്യുതി വീതമായിരിക്കും വാങ്ങുക. 200 മെഗാവാട്ട് വൈദ്യുതി 5.96 രൂപ അടിസ്ഥാനത്തിലാണ് വാങ്ങുന്നത്.സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരുന്നു. ഇടവെട്ടുള്ള പവര്‍ക്കെട്ട് പലരേയും ദുരിതത്തിലാക്കി. പവര്‍ക്കട്ടിനെ തുടര്‍ന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം വരെയുണ്ടായി. ആരോഗ്യപ്രവര്‍ത്തക ചിത്ര അഭയ് ആയിരുന്നു ഇക്കാര്യം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി രംഗത്തെത്തിയത്. ലോകകപ്പ് മത്സരം നടക്കുന്നതിനിടെ ഇടവിട്ട് പവര്‍ക്കട്ട് ഉണ്ടായത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. പവര്‍ക്കട്ടിനിടെ കത്തിച്ചുവെച്ച മെഴുകുതിരി മറിഞ്ഞ് തീപടര്‍ന്ന് വയോധിക മരിച്ച സംഭവവുമുണ്ടായി. കൊച്ചി എളമക്കരയിലായിരുന്നു സംഭവം. മറിയം പൈലി എന്ന 71കാരിയായിരുന്നു മരിച്ചത്.

വെള്ളി, ശനി ദിവസങ്ങളില്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ല എന്നായിരുന്നു കെഎസ്ഇബി പറഞ്ഞത്. എന്നാല്‍ ശനിയാഴ്ച ഒറ്റപ്പെട്ടയിടങ്ങളില്‍ അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ വൈദ്യുതി നിയന്ത്രണമുണ്ടായതായി വിവരമുണ്ടായിരുന്നു. മഴകുറഞ്ഞതും ഡാമില്‍ വെള്ളമില്ലാത്തതുമാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ വിശദീകരണം. രാത്രി കാലങ്ങളില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നു മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഇത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ല എന്നായിരുന്നു ഉയര്‍ന്ന വിമര്‍ശമം. മുന്‍ വൈദ്യുതി മന്ത്രി എം എം മണി അടക്കമുള്ളവര്‍ സണ്ണി ജോസഫിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button