നഴ്സിംഗ് വിദ്യാർഥിനി മരിച്ച നിലയിൽ; കോളജ് പ്രിൻസിപ്പലിനും മകനുമെതിരെ പരാതി

ഫിറോസാബാദ്: നഴ്സിംഗ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോളജ് പ്രിൻസിപ്പലിനും മകനുമെതിരെ ആരോപണവുമായി കുടുംബം. മെയിൻപുരി സ്വദേശിനിയായ പ്രീതി മരിച്ച സംഭവത്തിൽ കോളജ് പ്രിൻസിപ്പലും മകനുമെതിരെ അന്വേഷണം നടത്തണമെന്ന് ആവിശ്യപ്പെട്ട് കുടുംബം പൊലിസിൽ പരാതി നൽകി.പ്രീതി ഫിറോസാബാദ് കോളജ് ഓഫ് നഴ്സിംഗിലെ ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു. ബുധനാഴ്ച രാവിലെ ഹോസ്റ്റലിലെ മറ്റ് വിദ്യാർഥിനികൾ പ്രഭാതഭക്ഷണത്തിനായി മെസിലേക്ക് പോയപ്പോഴാണ് പ്രീതിയെ കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലിസ് പുലർച്ചെ 2.30ന് പ്രീതി പുറത്തേക്ക് പോകുന്നത് കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കോളജ് പ്രിൻസിപ്പൽ സുരേഷ് ദാക്ഷും മകൻ യാഷും ചേർന്ന് പ്രീതിയെ കൊലപ്പെടുത്തിയെന്നാണ് സഹോദരൻ രോഹിത് ആരോപിച്ചത്. തുടർന്ന് അന്വേഷണം ആവശ്യപ്പെട്ട് മൃതദേഹവുമായി റോഡ് ഉപരോധിച്ചിരുന്നു. ഉന്നത പൊലിസ് ഉദ്യോഗസ്ഥർ ഇടപെട്ടതോടെയാണ് കുടുംബം ഉപരോധം അവസാനിപ്പിച്ചത്.



