ഭർത്താവിനെ കൊലപ്പെടുത്താൻ യുവതിയും ജിം ട്രെയിനറും പദ്ധതിയിട്ടു, നീക്കങ്ങളെല്ലാം സിസിടിവിയിൽ, 2 പേർ അറസ്റ്റിൽ

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭർത്താവിനെ കൊലപ്പെടുത്താൻ ഭാര്യയും ജിം ട്രെയിനറും ചേർന്ന് ഗൂഢാലോചന നടത്തിയ സംഭവം സിസിടിവി ക്യാമറകളിൽ പതിഞ്ഞു. ഒക്ടോബർ 26-ന് രാവിലെ വസുന്ധരയിലെ വാടകവീട്ടിൽ വെച്ച് ശശാങ്ക് കാന്താരിയ എന്നയാൾക്കാണ് ക്രൂരമായി കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ശശാങ്കിന്റെ ഭാര്യ പ്രിയ ശർമ്മ, ഇവരുടെ ജിം ട്രെയിനറായ പ്രതാപ് സിംഗ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബർ 26-ന് രാവിലെ 5:17ന് പ്രിയ വസുന്ധര സെക്ടർ-1 ലുള്ള ജാഗ്രതി റെസിഡന്റ് വെൽഫെയർ അസോസിയേഷൻ സൊസൈറ്റിയിലെ വീട്ടിൽ നിന്ന് കാറിൽ പുറത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. പ്രിയ പോയി മൂന്ന് മിനിറ്റിന് ശേഷം, 5:20 ഓടെ പ്രതാപ് സിംഗ് ഈ സൊസൈറ്റിയിലൂടെ ഓടി ഇവരുടെ വീട്ടിലേക്ക് കയറുകയായിരുന്നു. തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ശശാങ്കിനെ പ്രതാപ് 12 തവണ കുത്തിപ്പരിക്കേൽപ്പിച്ചു.
അതിക്രമത്തിനിടെ ശശാങ്കിന്റെ നിലവിളിയും ദമ്പതികളുടെ മൂന്ന് വയസ്സുള്ള കുട്ടിയുടെ കരച്ചിലും കേട്ട് അയൽവാസികൾ ഓടിയെത്തി. രാവിലെ 5:23 ഓടെ പ്രതാപ് വീട്ടിൽ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. ഈ സമയം ഇയാളുടെ കൈയിൽ രണ്ട് കത്തികൾ ഉണ്ടായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. സംശയം തോന്നിയ പ്രദേശവാസികളും സെക്യൂരിറ്റി ഗാർഡും രണ്ട് ബൈക്ക് യാത്രക്കാരും ചേർന്ന് സൊസൈറ്റിയുടെ മെയിൻ ഗേറ്റിൽ വെച്ച് പ്രതാപിനെ തടഞ്ഞുവെച്ച് പിടികൂടി. തുടർന്ന് 20 മിനിറ്റിന് ശേഷമാണ് കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ ശശാങ്കിനെ അയൽവാസികൾ കണ്ടെത്തുന്നത്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു



