പ്രധാനമന്ത്രി ട്രോളുകൾ നിർത്തി അഹങ്കാരം വെടിയണമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: നാലു സംസ്ഥാനങ്ങളിലെ എംഎൽസി തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ പ്രതിപക്ഷത്തെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമർശനവുമായി കോൺഗ്രസ്. ട്രോളിംഗും അഹങ്കാരവും അവസാനിപ്പിച്ച് ബിജെപിയുടെ പരാജയത്തെക്കുറിച്ച് പ്രധാനമന്ത്രി ആത്മപരിശോധന നടത്തണമെന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആവശ്യപ്പെട്ടു.സ്വന്തം ലോക്സഭാ മണ്ഡലമായ വാരാണസിയിൽ ബിജെപിക്ക് ഇരുസീറ്റുകളും നഷ്ടമായതും ആർഎസ്എസിന്റെ ആസ്ഥാനമായ നാഗ്പുരിൽ കോൺഗ്രസിനോടു തോറ്റതും എന്തുകൊണ്ടാണെന്നു പ്രധാനമന്ത്രി ചിന്തിക്കണമെന്നു ജയ്റാം രമേശ് എക്സിൽ കുറിച്ചു. വിലക്കയറ്റവും തൊഴിലില്ലായ്മയും കൊണ്ട് ജനങ്ങൾ വലയുമ്പോൾ, ജനങ്ങൾ സർക്കാരിന്റെ നയങ്ങൾക്കെതിരേ അവിശ്വാസം രേഖപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പു ഫലത്തിന്റെ ആദ്യഘട്ടത്തിൽ കോൺഗ്രസ് ഒരു സീറ്റും നേടിയില്ലെന്നു പരിഹസിച്ച് ഫഡ്നാവിസ് ഇട്ട പോസ്റ്റ് ഫലം പൂർണമായതോടെ ഡിലീറ്റ് ചെയ്തതിനെ മഹാരാഷ്ട്ര കോൺഗ്രസ് പരിഹസിച്ചു.




