Uncategorized

ചേരാനല്ലൂർ വാഹനാപകടക്കേസ്: മുൻകൂർ ജാമ്യംതേടി 17-കാരന്റെ പിതാവായ ജഡ്ജി ഹൈക്കോടതിയിൽ

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ മുൻകൂർ ജാമ്യം തേടി 17-കാരന്റെ പിതാവായ ജഡ്ജി. കേസിൽ രണ്ടാംപ്രതിയായ അഡീഷണൽ ജില്ലാ ജഡ്ജിയാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരി​ഗണിക്കും.

17-കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കാറുടമയായ ജഡ്ജിക്കെതിരേ കഴിഞ്ഞദിവസമാണ് കേസെടുത്തത്. പ്രായപൂർത്തിയാകാത്തയാൾ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാലാണ് വാഹന ഉടമയായ പിതാവും പ്രതിയായത്. തുടർന്ന് ജഡ്ജിയെ പൊലീസ് സംഘം കഴിഞ്ഞദിവസം ഫ്ളാറ്റിലെത്തി ചോദ്യംചെയ്തിരുന്നു. ഇതിനുപിന്നാലെ ബുധനാഴ്ച ഉച്ചയോടെ ജഡ്ജിയെ ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയും ചോദ്യംചെയ്തു.അതിനിടെ, ജഡ്ജിയുടെ ഫ്ളാറ്റിൽ നടത്തിയ പരിശോധനയിൽ 17-കാരൻ കാർ ഓടിക്കുമ്പോൾ ചിത്രീകരിച്ച മൂന്ന് വീഡിയോകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് നിർണായക തെളിവായി മാറും. അമിതവേ​ഗത്തിലാണ് കാറോടിച്ചിരുന്നതെന്ന് ഈ വീഡിയോകളിൽ വ്യക്തമാണെന്നാണ് വിവരം.

ചേരാനല്ലൂർ വാഹനാപകടക്കേസിലെ പൊലീസ് വീഴ്ചയിൽ ബുധനാഴ്ച കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റിയിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിനെയാണ് മാറ്റിയത്. ആർ നിശാന്തിനിയാണ് പുതിയ സിറ്റി പൊലീസ് കമ്മീഷണർ. ചേരാനല്ലൂർ അപകടവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചേരാനല്ലൂർ സ്റ്റേഷനിലെ നാല് പൊലീസുകാരെയും സസ്പെൻഡ് ചെയ്തിരുന്നു. അതിനിടെ, 17-കാരന്റെ ജാമ്യം റദ്ദാക്കാനായും പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17-കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മ‍ാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ(55) മരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button