ചേരാനല്ലൂർ വാഹനാപകടം; ജഡ്ജിയെ ചോദ്യം ചെയ്യുന്നു, വീട്ടിൽ വീണ്ടും പരിശോധന

കൊച്ചി: ചേരാനെല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിയെ ചോദ്യം ചെയുന്നു. ജഡ്ജിയുടെ വീട്ടിൽ വീണ്ടും പരിശോധന നടക്കുന്നു. ക്രൈംബ്രാഞ്ച് എസ്പിയും സംഘവുമാണ് പരിശോധന നടത്തുന്നത്. സിസിടിവി ഹാർഡ് ഡിസ്ക് അടക്കമുള്ളവ കണ്ടുകെട്ടും. ഇന്നലെ രാത്രി 7 മണിക്കൂർ നീണ്ട പരിശോധന ഇത് ഫ്ലാറ്റിൽ നടത്തിയിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ പോലീസ് ശേഖരിക്കും. ജഡ്ജിയുടെ അറസ്റ്റിന് ഹൈക്കോടതിയുടെ അനുമതി കാത്തുനില്‍ക്കെയാണ് പൊലീസ് പരിശോധന. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയാണ് പരിശോധനയെന്നാണ് വിവരം. പ്രതി വീട്ടില്‍ നിന്ന് ഇറങ്ങിയതുള്‍പ്പടെയുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
അതേസമയം അപകടത്തിൽ കേസെടുക്കുന്നതിലെ പൊലീസ് വീഴ്ചകൾ നിരത്തി സസ്പെൻഷൻ ഉത്തരവ് പുറത്തുവന്നു. സസ്പെൻഷൻ ഉത്തരവിലെ ഗുരുതര വീഴ്ചകൾ അക്കമിട്ടു പറയുന്നു. വകുപ്പുകൾ ചുമത്തിയതിൽ പിഴവുണ്ടായി.
പരാതിക്കാരുടെ ഫോണിൽ നിന്നും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിപ്പിച്ചു. ഗ്രേഡ് എസ്.ഐ കെ റ്റി മനോജും സീനിയർ CPO അരുൺ ജോസിയുമാണ് ചിത്രങ്ങൾ ഡിലീറ്റ് ചെയ്യിപ്പിച്ചത്. BNS 105 ചുമത്താൻ കാരണം ഉണ്ടായിട്ടും മനഃപൂർവം ഒഴിവാക്കിയെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
സംഭവത്തില്‍ പൊലീസിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ 17 കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രായപൂർത്തിയാകാത്തയാൾ അപകടം ഉണ്ടാക്കുമ്പോൾ വാഹന ഉടമയെയോ രക്ഷിതാവിനെയോ ഉത്തരവാദിയാക്കുന്ന മോട്ടോർ വെഹിക്കിൾ ആക്ട് 199A ആണ് ചുമത്തിയത്.അതേസമയം ചേരാനല്ലൂർ ബെൻസ് അപകടക്കേസില്‍ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റി. അഡീഷണൽ സെഷൻസ് കോടതി 2 ല്‍ നിന്ന് കുട്ടികളുടെയും സ്ത്രീകളുടെയും കേസ് പരിഗണിക്കുന്ന കോടതിയിലേക്കാണ് മാറ്റിയത്.
17 കാരന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് നേരത്തെ കോടതിയില്‍ റിപ്പോർട്ട് നൽകിയിരുന്നു. അപകടത്തില്‍ മരിച്ച മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ്റെ കുടുംബവും ഇതേ ആവശ്യവുമായി ജില്ലാ കോടതിയിയെ സമീപിച്ചിരുന്നു.
ഞായറാഴ്ച പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17 കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ (55) മരിച്ചത്. അപകടമുണ്ടാക്കിയ വിദ്യാർത്ഥി സ്ഥിരം കാറോടിക്കുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. അതിവേഗതയിൽ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കാനായിരുന്നു രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു. അപകടം സംഭവിക്കുന്നതിന് മുമ്പ് 17 കാരൻ 104 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്.



