Uncategorized

സോഷ്യൽ മീഡിയയും എഐയും ഉപയോഗിച്ച് വ്യാജ ലോട്ടറി തട്ടിപ്പ്: വലിയ സാമ്പത്തിക നഷ്ടമെന്ന് മുഖ്യമന്ത്രി; കർശന നടപടിയെടുക്കുമെന്ന് നിയമസഭയിൽ ഉറപ്പ്

തിരുവനന്തപുരം: കേരള പേപ്പർ ലോട്ടറിയുടെ മറവിൽ സോഷ്യൽ മീഡിയയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളും ഉപയോഗിച്ച് വ്യാജ ലോട്ടറി നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. സബ്മിഷന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഒരേ ടിക്കറ്റ് തന്നെ നിരവധി ആളുകൾക്ക് അനധികൃതമായി സാമൂഹികമാധ്യമങ്ങൾ വഴി വിൽക്കുന്നത് മൂലം സംസ്ഥാന ഖജനാവിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്.

ഇതിനുപുറമേ, ലോട്ടറി തൊഴിലാളികൾക്കും സാധാരണക്കാരായ പൊതുജനങ്ങൾക്കും ഇത് വലിയ കഷ്ടനഷ്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്. ലോട്ടറി മേഖലയെ തകർക്കുന്ന രീതിയിൽ വലിയൊരു ലോബിയായി, വൻ ക്രൈമായി ഇത് മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് പാലക്കാട് പോലുള്ള ജില്ലകളിലാണ് ഈ തട്ടിപ്പ് ഏറ്റവും കൂടുതലായി കാണപ്പെടുന്നതെന്ന് മറുപടിയിൽ വ്യക്തമാക്കി.

സംഭവത്തിൽ ലോട്ടറി വകുപ്പ് നിലവിൽ കർശന നടപടികളാണ് സ്വീകരിക്കുന്നത്. ലോട്ടറി റഗുലേഷൻ ആക്ട് അനുസരിച്ച് ഇത്തരത്തിൽ ക്രമക്കേട് നടത്തിയാൽ രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വലിയ ക്രിമിനൽ കുറ്റമാണിത്. വ്യാപകമായി വ്യാജ ലോട്ടറി അച്ചടിച്ചു വിൽക്കുകയും, എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് അത് യാഥാർത്ഥ്യമാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയുമാണ് ചെയ്യുന്നത്. ചെറിയ സമ്മാനങ്ങൾ നൽകി വിശ്വസിപ്പിക്കുകയും വലിയ സമ്മാനം ലഭിക്കുമ്പോൾ ഫോൺ ഓഫ് ചെയ്ത് മുങ്ങുകയും ചെയ്യുന്ന വലിയ തട്ടിപ്പാണ് ഇതിന് പിന്നിൽ നടക്കുന്നത്. ഈ തട്ടിപ്പുകാരെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള കർശനമായ നടപടികൾ സർക്കാർ സ്വീകരിക്കും. വലിയ സാമ്പത്തിക നഷ്ടമാണ് ഇതിലൂടെ സർക്കാരിന് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button