Uncategorized

വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ ഒരു നീക്കവും നടത്തില്ല; വിശദീകരണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: വിജിലന്‍സിലെ ടി സെക്ഷന്‍ വിവരാവകാശ പരിധിയില്‍ നിന്നും ഒഴിവാക്കിയതില്‍ വിശദീകരണവുമായി ആഭ്യന്തര മന്ത്രി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ ശുപാര്‍ശയാണ് അംഗീകരിച്ചത്. കെ കെ വത്സരാജ് നിയമസഭയില്‍ ഉന്നയിച്ച അടിയന്തര ചോദ്യത്തിനാണ് രമേശ് ചെന്നിത്തലയുടെ മറുപടി. വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ ഒരു നീക്കവും നടത്തില്ലെന്നും അന്വേഷണത്തെ ബാധിക്കാത്ത തരത്തില്‍ സുതാര്യത ഉറപ്പാക്കുമെന്നും ചെന്നിത്തല നിയമസഭയിൽ പറഞ്ഞു.

വിജിലന്‍സിലെ T1, T2 സെക്ഷനുകളെയാണ് വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കിയത്. ‘വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. എന്നാല്‍ രഹസ്യ സ്വഭാവമുള്ള കേസുകളിലെ വിവരങ്ങള്‍ പുറത്തുവിടുന്നത് ദോഷകരമാകും. രാജ്യ സുരക്ഷാ, ആഭ്യന്തര സുരക്ഷാ കേസുകള്‍ നിര്‍ണായകമാണ്. വിജിലന്‍സിന്റെ എല്ലാ വിവരങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ ഒരു നീക്കവും നടത്തില്ല.’ കേസിന്റെ വിവരങ്ങള്‍ പുറത്തുപോയാല്‍ അതിന്റെ ഗുണം കുറ്റാരോപിതര്‍ക്കാണ്. അടിയന്തര പ്രമേയത്തിന് മറുപടിയായി ആഭ്യന്തര മന്ത്രി പറഞ്ഞു.ഉന്നത വ്യക്തികളുടെ ഫയലുകള്‍, രഹസ്യാന്വേഷണ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് T1,T2 സെഷനുകള്‍. രാഷ്ട്രീയക്കാര്‍ക്കെതിരായ അന്വേഷണങ്ങളും T1, T2 സെക്ഷനുകളിലേക്ക് മാറ്റാന്‍ കഴിയും. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന കേസുകള്‍ ടി സെഷനിലേക്ക് മാറ്റിയാല്‍ ആര്‍ടിഐ പ്രകാരം ഇത് പുറത്തുവരില്ല. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന കേസുകള്‍ അടക്കം ആര്‍ടിഐയില്‍ മറയ്ക്കാനുള്ള നീക്കമാണിതെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.

നേരത്തെ ആദ്യഘട്ടത്തില്‍ വിവരാവകാശ നിയമത്തില്‍ നിന്ന് രഹസ്യ സെക്ഷനായ ടി സെക്ഷനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ 2022 ല്‍ ഈ സെഷന്‍ വീണ്ടും വിവരാവകാശ പരിധിയില്‍പ്പെടുത്തി. ഇപ്പോള്‍ വീണ്ടും വിവരാവകാശത്തില്‍ നിന്നും ഒഴിവാക്കി വിജ്ഞാപനമിറക്കി. പൊലീസ് ആസ്ഥാനത്തെയും ക്രൈംബ്രാഞ്ചിലെയും ടി സെക്ഷനെ ആര്‍ടിഐയില്‍ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button