തുടരുമോ നെതന്യാഹു, അതോ അടിതെറ്റുമോ? ഇസ്രയേലിൽ ഇന്ന് വിധിയെഴുത്ത്; അഞ്ചുലക്ഷം കന്നിവോട്ടർമാർ

ജെറുസലേം: ഇസ്രയേലിൽ ഇന്ന് വിധിയെഴുത്ത്. ദേശീയ പാർലമെന്റായ നെസെറ്റിലെ 120 സീറ്റുകളിലേക്കുള്ള 26-ാമത് തെരഞ്ഞെടുപ്പാണ് ചൊവ്വാഴ്ച നടക്കുന്നത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഭരണസഖ്യവും മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷസഖ്യവും തമ്മിലാണ് മത്സരം.
2023 ഒക്ടോബർ ഏഴിന് രാജ്യത്തിന് നേരേയുണ്ടായ ഹമാസ് ആക്രമണത്തിന് ശേഷം നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണവിഷയവും ഹമാസ് ആക്രമണവും ഇസ്രയേലിന്റെ സൈനിക നടപടികളുമാണ്. ഇസ്രയേലിന്റെ ശത്രുക്കൾക്കെതിരേ രാജ്യം സ്വീകരിച്ച സൈനിക നടപടികളും സൈനിക വിജയങ്ങളും ഉയർത്തിക്കാട്ടിയാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ ഭരണപക്ഷമായ ലികുദ് പാർട്ടി തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. എന്നാൽ, ഒക്ടോബർ ഏഴിലെ സുരക്ഷാവീഴ്ചയടക്കമാണ് പ്രതിപക്ഷനേതാവായ ഐസൻകോട്ടും അദ്ദേഹത്തിന്റെ പാർട്ടിയായ യാഷാർ പാർട്ടിയും പ്രചാരണത്തിൽ മുഖ്യവിഷയമാക്കിയത്. 1200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദിയാക്കുകയും ചെയ്ത ഒക്ടോബർ 7 ആക്രമണത്തിൽ അന്വേഷണ കമ്മീഷൻ സ്ഥാപിക്കുമെന്നതാണ് ഐസൻകോട്ടിന്റെ പ്രധാന വാഗ്ദാനം. ഇതിനൊപ്പം ഗാസയുടെ ഭാവി, തീവ്ര യഥാസ്ഥിതികരായ യുവാക്കൾക്ക് നിർബന്ധിത സൈനിക സേവനം തുടങ്ങിയ വിഷയങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചയായി




