Uncategorized

കൊച്ചിയിൽ ഫിറ്റ്നസും പെർമിറ്റും ഇല്ലാതെ സ്കൂൾ വിദ്യാർഥികളുമായി സർവീസ്; വാഹനം പിടികൂടി എംവിഡി

കൊച്ചി: ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് കാലാവധി കഴിഞ്ഞിട്ടും സ്കൂൾ കുട്ടികളുമായി സർവീസ് നടത്തിയ മഹീന്ദ്ര വാൻ മോട്ടോർ വാഹന വകുപ്പ് പിടികൂടി. പൊന്നുരുന്നി സികെസിഎൽപി സ്കൂളിലെ കുട്ടികളുമായി സർവീസ് നടത്തുകയായിരുന്ന വാഹനമാണ് എറണാകുളം എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്.

തിങ്കളാഴ്ച പൊന്നുരുന്നിയിൽ പരിശോധന നടത്തുന്നതിനിടെയാണ് വാഹനം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. വാഹനത്തിന്റെ അവസ്ഥയിൽ സംശയം തോന്നിയതിനെ തുടർന്ന് ‘വാഹൻ’ ഡാറ്റാബേസ് പരിശോധിച്ചപ്പോൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റും പെർമിറ്റും കാലാവധി കഴിഞ്ഞതായി കണ്ടെത്തി.

പരിശോധനയിൽനിന്ന് രക്ഷപ്പെടാൻ ഡ്രൈവർ വാഹനം വേഗത്തിൽ ഓടിച്ചുപോകാൻ ശ്രമിച്ചതോടെ ഉദ്യോഗസ്ഥർ പിന്തുടർന്ന് തടഞ്ഞുനിർത്തി. ഇതിനിടെ രണ്ട് കുട്ടികളെ വഴിയിൽ ഇറക്കിവിട്ടാണ് ഡ്രൈവർ കടന്നുകളയാൻ ശ്രമിച്ചതെന്ന് വാഹനത്തിലുണ്ടായിരുന്ന മറ്റു കുട്ടികളിൽനിന്ന് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു.വാഹനത്തിന്റെ സർവീസ് നിർത്തിവെപ്പിച്ച മോട്ടോർ വാഹന വകുപ്പ് ഡ്രൈവർക്കും വാഹനത്തിനുമെതിരെ നിയമനടപടി സ്വീകരിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്ന കുട്ടികളെ സുരക്ഷിതമായി വീടുകളിലെത്തിക്കാൻ ഉദ്യോഗസ്ഥർ മറ്റൊരു വാഹനം ഏർപ്പെടുത്തി.

എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക്കിന്റെ നിർദേശപ്രകാരം അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വിഷ്ണു പ്രസാദ് എൻ ബി, എൽദോസ് തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്കൂൾ വാഹനങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button