Uncategorized

ആമിർ ഖാൻ്റെ വീടിന് സമീപം രണ്ടാഴ്‌ച താമസിച്ചു, വീട് നിരീക്ഷിച്ചു; നടനെ കാണാതെ വന്നതോടെ ടൈഗർ ഷ്രോഫിനെ ആക്രമിച്ചു; മുംബൈ വെടിവെപ്പിൽ പൊലീസ് കണ്ടെത്തൽ

മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന് നേരെ ആക്രമണം നടത്തിയ സംഘം ആദ്യം ലക്ഷ്യമിട്ടത് ആമിർ ഖാനെയെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തൽ. ഇതിനായി ഒരു മാസത്തോളം ആമിർ ഖാൻ്റെ യാത്രകൾ സംഘം നിരീക്ഷിച്ചു. പലവട്ടം പ്രതികൾ ആമിർ ഖാൻ്റെ വീടിന് സമീപമെത്തിയെങ്കിലും ആക്രമിക്കാൻ സാധിച്ചില്ല. സെപ്റ്റംബർ 20 ന് മുംബൈയിൽ എത്തിയ സംഘം ആമിർഖാന്റെ വീടിനടുത്ത് ബാന്ദ്ര ഈസ്റ്റിൽ രണ്ടാഴ്ച താമസിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.

ആമിർ ഖാൻ കൂടുതൽ സമയവും വിദേശത്തായതും വീട്ടിലെത്തിയാൽ പതിവായി പുറത്തിറങ്ങാത്തതും ആക്രമണത്തിൽ നിന്ന് പിന്മാറാൻ പ്രതികളെ നിർബന്ധിതരാക്കി. ആമിർ – ഗൗരി സ്പ്രാറ്റ് വിവാഹത്തിന് പിന്നാലെ ബിഷ്ണോയ് ഗ്യാങ് ഇദ്ദേഹത്തിനെതിരെ വധഭീഷണി മുഴക്കിയിരുന്നതും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. ആമിറിനെ കണ്ടുകിട്ടുക പ്രയാസമേറിയതിനാലാണ് പിന്നീട് ടൈഗർ ഷ്രോഫിനെ ആക്രമിക്കാൻ പ്രതികൾ തീരുമാനിച്ചതിൻ്റെ കാരണമെന്നും അന്വേഷണ സംഘം പറയുന്നു.

മിക്ക ഞായറാഴ്ചകളിലും ജുഹുവിലെ പാർക്കിൽ ഫുട്ബോൾ കളിക്കാറുള്ള ടൈഗർ ഷ്രോഫിനെ എളുപ്പത്തിൽ ആക്രമിക്കാനാവുമെന്ന് അക്രമി സംഘം കണക്കുകൂട്ടിയെന്നും ഇതിൻ്റെ അിസ്ഥാനത്തിലാണ് ഒക്ടോബർ 18-ന് നടൻ്റെ കാറിന് നേരെ വെടിവെപ്പുണ്ടായതെന്നും പൊലീസ് പറയുന്നു. ഈ കേസിൽ ഫൂൽ സിംഗ് (18), റൈഹാൻ രഹിസുദ്ദീൻ അൻസാരി (18), റിതിക് മഹോ (22) എന്നിവരെ ഒക്ടോബർ 19-ന് രാജസ്ഥാനിലെ കോട്ട പൊലീസാണ് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ അറസ്റ്റ് ചെയ്തത്. രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നായി ഇതുവരെ 11 പേരെയാണ് ഈ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അമേരിക്കയിൽ ഒളിവിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള ഗുണ്ടാത്തലവൻ അനിൽ പണ്ഡിറ്റാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സോഷ്യൽ മീഡിയ വഴി രംഗത്തെത്തിയ പ്രധാനി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button