Uncategorized

പുലികേശി നഗറിലെ സ്ഫോടനം; ഐ.ഇ.ഡി നിർമിച്ചത് ചാറ്റ് ജിപിടിയുടെ സഹായത്തോടെ, തീവ്രവാദ ബന്ധമില്ല, കാരണം കല്യാണം മുടക്കിയതിലെ വൈരാഗ്യം

ബെംഗളൂരു: ദസറത്തലേന്ന് ബെംഗളൂരു നഗരത്തെ നടുക്കിയ പുലികേശി നഗർ സ്ഫോടനത്തിന് പിന്നിൽ തീവ്രവാദ ബന്ധമില്ലെന്ന് കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം. സ്ഫോടനത്തിന് പിന്നിൽ ഭീകരാക്രമണ ബന്ധമില്ലെന്നും വ്യക്തിവൈരാഗ്യമാണ് കാരണമെന്നും പൊലീസ്‌ കമ്മീഷണർ സീമന്ത് കുമാർ സിംഗ് അറിയിച്ചു. സംഭവത്തിൽ അസം സ്വദേശികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹം മുടക്കിയതിലുള്ള വിരോധത്തിൽ കെട്ടിടത്തിന്റെ സുരക്ഷാ ജീവനക്കാരനെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ ചാറ്റ് ജിപിടിയുടെ സഹായത്തോടെയാണ് സ്ഫോടക വസ്തു നിർമിച്ചത് എന്ന കണ്ടെത്തൽ കർണാടക പൊലീസിനെ ഞെട്ടിച്ചിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ച ദസറ ആഘോഷങ്ങൾക്ക് ഒരുങ്ങുന്നതിനിടെയാണ് നഗരവാസികളെ ഞെട്ടിച്ച് ബെംഗളൂരു പുലികേശി നഗർ പൊലീസ് സ്റ്റേഷന്റെ പരിധിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ ശക്തമായ സ്ഫോടനമുണ്ടാകുന്നത്. ഐഇഡി അഥവാ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡീവൈസ് ആണ് പൊട്ടിത്തെറിച്ചത് എന്ന് വ്യക്തമായതോടെ അന്വേഷിക്കുന്നതിനായി ഭീകരവിരുദ്ധ സേനയും ദേശീയ അന്വേഷണ ഏജൻസിയും ഉൾപ്പെടെ രംഗത്തെത്തി. തീവ്രവാദ ബന്ധമുൾപ്പെടെ സംശയിക്കപ്പെട്ട കേസിൽ പല സംഘങ്ങളായി തിരിഞ്ഞ് കർണാടക പൊലീസും അന്വേഷണം ഊർജിതമാക്കി. ഇതിനൊടുവിലാണ് ആശങ്കകളെ എല്ലാം അസ്ഥാനത്താക്കി അസം സ്വദേശികളായ മൂന്നുപേർ പിടിയിലായത്. അസമിലെ ധീനത്പൂർ സ്വദേശിയായ സാഹിദ് ഉൾ ഹുസൈൻ ബാർബിയ ഇയാളുടെ ബന്ധുക്കളായ സാജുദുൽ ഇസ്ലാം ലസ്കർ, ബുർഹാൻ അഹമ്മദ് ബാർബിയ എന്നിവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

മുഖ്യപ്രതി സാഹിദ് ഉൾ ഹുസൈന് ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനായ അലാവുദ്ദിനോടുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് സ്ഫോടനത്തിന്റെ കാരണമെന്ന് പൊലീസ് വ്യക്തമാക്കി. അലാവുദ്ദീൻ മൂലം വിവാഹം മുടങ്ങിയതിലുള്ള വിരോധവും നാട്ടിൽ വച്ചുണ്ടായ വസ്തു തർക്കവും മനസിൽ വച്ച് ബന്ധുക്കളായ രണ്ടുപേരെയും കൂട്ടുപിടിച്ച് സാഹിദ് ഉൾ ഹുസൈൻ തന്നെയാണ് ടോർച്ചിനുള്ളിൽ ഘടിപ്പിക്കാവുന്ന ഐഇഡി നിർമിച്ചത്. ചാറ്റ് ജിപിടിയിൽ നിന്ന് വിവരങ്ങൾ എടുത്താണ് ഐഇഡി ഉണ്ടാക്കിയതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പിന്നീട് ബസ് മാർഗം ബെംഗളൂരുവിലെത്തിച്ച് പുലികേശി നഗറിലെ നിർമാണത്തിലിരുന്ന കെട്ടിടത്തിന് മുന്നിൽ ഉപേക്ഷിച്ചു.തുടർന്ന് അലാവുദീനെ ഫോൺ ചെയ്ത് പാഴ്സൽ ഉണ്ടെന്ന് അറിയിച്ചു. പെട്ടി അലാവുദ്ദീൻ ഫ്ലാറ്റിലെ പെയിന്റർ സൂരജിന്റെ സഹായത്തോടെ തുറക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. പൊട്ടിത്തെറി ഉണ്ടായി 72 മണിക്കൂറിനിടെ പ്രതികളെ പിടികൂടാനായതും തീവ്രവാദ ബന്ധമില്ല എന്ന് സ്ഥിരീകരിക്കാനായതും ബെംഗളൂരു പൊലീസിന്റെ അന്വേഷണ മികവാണെങ്കിലും ഐഇഡി ഉണ്ടാക്കിയ വിധവും അത് ബസിൽ എത്തിച്ച രീതിയും ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഐഇഡി കൊണ്ടുവരുന്ന സമയത്തോ മറ്റോ അപ്രതീക്ഷിതമായി സ്ഫോടനം നടത്തിരുന്നെങ്കിൽ എന്താകുമായിരുന്ന എന്ന ചോദ്യമാണ് പൊലീസിനെ അലട്ടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button