Uncategorized

കേന്ദ്ര നയത്തിന് ബദല്‍ നയം നടപ്പാക്കിയത് കൊണ്ടാണ് കേരളം വളര്‍ന്നത്, ആ നയം ഇപ്പോള്‍ ഇല്ല; പിണറായി വിജയന്‍

തിരുവനന്തപുരം: വിപുലീകൃത സംസ്ഥാന – ജില്ലാ കമ്മിറ്റികള്‍ പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് കരുത്ത് പകര്‍ന്നു എന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അപ്രതീക്ഷിതമായ കനത്ത തോല്‍വി ആണ് നേരിടേണ്ടി വന്നത്. ഇടതുപക്ഷം തകരണം എന്ന് ആഗ്രഹിച്ച വലതുപക്ഷ ശക്തികള്‍ അന്ന് മതിമറന്നു ആഹ്ലാദിക്കുന്നത് കണ്ടു. സിപിഐഎം തീര്‍ന്നിരിക്കുന്നു, ഇനി കര കയറില്ല എന്നാണ് പറഞ്ഞത്. തകര്‍ച്ചയുടെ ഘട്ടം, ശോഷിക്കാന്‍ പോകുന്നു എന്നായിരുന്നു പ്രചാരണം എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

വിജയം ഉണ്ടായാല്‍ മതിമറന്നു ആഘോഷിക്കുന്നവര്‍ അല്ല തങ്ങള്‍. പരാജയം ഉണ്ടായാല്‍ കടുത്ത നിരാശയിലേക്കും പോകില്ല. തിരുത്തേണ്ടത് തിരുത്തി ഭാവിയിലേക്ക് ഉള്ള കാര്യങ്ങള്‍ ചെയ്യുന്ന സമീപനമാണ് തങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. സാധാരണ രീതിയില്‍ ഉള്ള പരിശോധനകള്‍ പാര്‍ട്ടിക്കകത്ത് നടന്നു. വിപുലീകൃത കമ്മിറ്റിക്ക് മുന്നേയുള്ള റാലികളില്‍ വലിയ ജനപങ്കാളിത്തം ആണ് ഉണ്ടായത്. കോഴിക്കോട് കടപ്പുറം കണ്ട ഏറ്റവും വലിയ ബഹുജനറാലിയാണ് കഴിഞ്ഞ ദിവസത്തെ സമാപന സമ്മേളനത്തില്‍ കണ്ടതെന്നും പിണറായി പറഞ്ഞു. തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം നോക്കിയാല്‍ ഇടതുപക്ഷത്തെ അങ്ങനെ എഴുതിത്തള്ളാന്‍ ആവില്ല എന്ന് ബോധ്യപ്പെടുത്തുന്നതാണ്. അത് വലതുപക്ഷം തന്നെ അംഗീകരിക്കുകയും ചെയ്തു. ഇന്നത്തെ സാഹചര്യത്തില്‍ ഇടതുപക്ഷം കൂടുതല്‍ കരുത്തോടെ വരണം എന്ന് പൊതുവെ എല്ലാ ജനങ്ങളും ആഗ്രഹിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനം ആര്‍എസ്എസിന്റെ ആഗ്രഹാഭിലാഷത്തിന് അനുസരിച്ചു ചിട്ടപെടുത്തിയതാണെന്നും പിണറായി വിമര്‍ശനമുയര്‍ത്തി. രാജ്യത്തിന്റെ ജനാധിപത്യം തകര്‍ക്കുന്ന സമീപനമാണ് ഉണ്ടായത്. സിപിഐഎം രാജ്യത്ത് മഹാശക്തി ആണ് എന്നൊന്നും അവകാശപ്പെടുന്നില്ല. എന്നാല്‍ ഗ്യാനേഷ്‌കുമാറിന് എതിരായ സമരത്തില്‍ ഇടതുപക്ഷത്തിന്റെ സാന്നിധ്യം വളരെ കരുത്തോടെ രാജ്യം കണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സമരത്തിന് ശരിയായ ദിശാബോധം നല്‍കാന്‍ സിപിഐഎമ്മിന് കഴിഞ്ഞു. പ്രക്ഷോഭത്തെ ശക്തമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് സിപിഐഎം ആണെന്ന് രാജ്യം ഇന്ന് മനസിലാക്കുന്നു. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, പ്രതിഷേധത്തിനായി എല്ലാ സംഘടനകളെയും പ്രസ്ഥാനങ്ങളെയും ബന്ധപ്പെട്ടു. അത് വലിയ തരത്തില്‍ സമരത്തിന് ഗുണം നല്‍കിയെന്ന് പിണറയായി വ്യക്തമാക്കി. രാജ്യത്തെ പാര്‍ട്ടികളില്‍ സിപിഐഎമ്മിൻ്റെ അഖിലേന്ത്യ നേതാക്കള്‍ ആണ് എല്ലാവരും സമരത്തില്‍ പങ്കെടുത്തത്. അതും രാജ്യത്ത് ശ്രദ്ധിക്കപ്പെട്ടു. ഇടതുപക്ഷ വിദ്യാര്‍ത്ഥി – യുവജന സംഘടനകള്‍ സുപ്രധാന പങ്കാണ് സമരത്തില്‍ വഹിച്ചത്. ജന്തര്‍ മന്ദറില്‍ സമരത്തിന് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയപ്പോള്‍ രാജ്യം മുഴുവന്‍ തങ്ങള്‍ ജന്തര്‍ മന്തര്‍ ആക്കിയെന്നും അദ്ദേഹം പറഞ്ഞു.അതിസമ്പന്നര്‍ കൂടുതല്‍ സമ്പന്നര്‍ ആകുകയും പാവപ്പെട്ടവര്‍ പിന്നെയും ദരിദ്രര്‍ ആവുകയും ചെയ്യുന്ന സ്ഥിതിയാണ് രാജ്യത്തുള്ളതെന്നും പിണറായി പറഞ്ഞു. കേരളം ഒരു പ്രത്യേക തുരുത്ത് ആയാണ് നില്‍ക്കുന്നത്. എല്ലാ കാര്യത്തിലും മാതൃകപരമായി ഇടപെട്ടു. കേരളമാണ് അതിദാരിദ്ര്യം ഒഴിവാക്കിയ സംസ്ഥാനം. രാജ്യത്തിന്റെ നയത്തിന് ബദല്‍ നയം നടപ്പാക്കിയത് കൊണ്ടാണ് അത് സംഭവിച്ചത്. ആ നയം ഇപ്പോള്‍ കേരളത്തില്‍ ഇല്ലെന്നും യുഡിഎഫ് അവരുടെ നയം നടപ്പാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നവ- ഉദാരവത്കരണ നയമാണ് യുഡിഎഫിന് ഉള്ളത്. രാജ്യത്ത് ആകെ ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ആണ് കേന്ദ്രത്തിന്റെ ശ്രമിക്കുന്നത്. നേരത്തെ നമ്മുടെ സംസ്ഥാനം അതിനെ എതിര്‍ക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വന്ദേമാതരം പൂര്‍ണമായും ചൊല്ലുന്ന വേദിയായി കോണ്‍ഗ്രസ് പരിപാടികള്‍ തന്നെ മാറിയെന്നും അദ്ദേഹം വിമര്‍ശിച്ചു. ആര്‍എസ്എസ് ആഗ്രഹിക്കുന്ന രീതിയില്‍ പ്രവര്‍ത്തനം നടത്തുകയാണ്. വിദ്യാഭ്യാസ രംഗം പൂര്‍ണമായും വര്‍ഗീകരിക്കാന്‍ ശ്രമം നടക്കുന്നു. പിഎംശ്രീ വേണ്ട എന്ന് പറയാന്‍ ഇതുവരെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗവര്‍ണറെ ഉപയോഗിച്ച് കൊണ്ട് പ്രവര്‍ത്തനം നടക്കുന്നു. ആര്‍എസ്എസ് നോമിനികളെ സര്‍വകലാശാലയില്‍ കുത്തിനിറക്കാന്‍ ശ്രമം നടക്കുന്നു. ഇതിനൊന്നും എതിരെ അര അക്ഷരം ഉച്ഛരിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി തയ്യാറല്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.ഗവര്‍ണറുമായി വഴക്കിനില്ല എന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. ഇത് വഴക്കിന്റെ പ്രശ്‌നം അല്ല. നിലപാടിന്റെ പ്രശ്‌നം ആണ്. ആര്‍എസ്എസ് അജണ്ടകള്‍ക്ക് കീഴ്‌പ്പെടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും പിണറായി കുറ്റപ്പെടുത്തി. പിഎസ്‌സി പിരിച്ചുവിടാനുള്ള ഗവര്‍ണര്‍ നീക്കം ഇല്ലാത്ത അധികാരം ഉപയോഗിച്ചാണെന്നായിരുന്നു അദ്ദേഹം കുറ്റപ്പെടുത്തിയ്ത. എന്തിനാണ് ആ നടപടി. എങ്ങനെ ഈ അധികാരം ഉപയോഗിക്കാന്‍ കഴിഞ്ഞു. പിഎസ്‌സി ഭരണഘടന സ്ഥാപനം ആണ്. അതൃപ്തി ഉണ്ടായാല്‍ അവരെ പിരിച്ചു അയക്കാന്‍ ഏത് ഔദ്യോഗിക സ്ഥാനത് ഉള്ളവര്‍ക്കും പറ്റില്ലെന്നും താന്‍ ഉദ്ദേശിക്കുന്നത് രാഷ്ട്രപ്തിയെ ഉള്‍പ്പടെയാണെന്നും പിണറായി പറഞ്ഞു. സുപ്രീം കോടതിയാണ് കുറ്റക്കാരന്‍ ആണെന്ന് കണ്ടത്തേണ്ടത്. അപ്പോള്‍ മാത്രമേ രാഷ്ട്രപതിക്ക് പോലും ഇടപെടാന്‍ കഴിയുകയുള്ളു. എന്തെ ഇതെല്ലാം മറന്നു പോയതെന്ന് ചോദിച്ച അദ്ദേഹം ഇപ്പോള്‍ ഇവിടെ ഇരു അവിശുദ്ധ ബന്ധം നിലനില്‍ക്കുന്നു എന്നും കുറ്റപ്പെടുത്തി.

പിഎസ്‌സിയുടെ വിശ്വാസ്യത തകര്‍ക്കുകയാണ് ലക്ഷ്യം വെക്കുന്നത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ നിയമനം നല്‍കുന്ന പിഎസ്‌സി കേരളത്തിലേതാണ്. മൊത്തം പിഎസ്‌സി നല്‍കുന്നതിന്റെ, 60% കേരള പിഎസ്‌സി യാണ് നിയമനം നല്‍കുന്നത്. അത് തകര്‍ക്കാന്‍ ഉള്ളത് ആണ് നിലവിലെ ശ്രമം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വി ഡി സതീശന്‍ – ആര്‍ലേകറുമായി ഒരു ഡീല്‍ ഉറപ്പിച്ചു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിന്റെ നന്ദി പ്രകടനം ആണ് യാത്രയയപ്പില്‍ കണ്ടത്. വിമാനത്താവളത്തില്‍ പോയി ആലിംഗനം ചെയ്യുന്ന മുഖ്യമന്ത്രിയെ ആണ് കണ്ടത്. ഇത് ഡീല്‍ അല്ലാതെ മറ്റു എന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

കിഫ്ബി വിഷത്തിലും അദ്ദേഹത്തിന്റെ പ്രതികരണമുണ്ടായി. കിഫ്ബി മുഖേനെ കേരളത്തില്‍ എന്തെല്ലാം പദ്ധതികള്‍ നടപ്പാക്കിയെന്നും ഇപ്പോള്‍ കിഫ്ബിയെ തകര്‍ക്കാന്‍ ആണ് നീക്കം നടക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി. വയനാട് തുടങ്ങിവച്ച ടൗണ്‍ ഷിപ്പ് സര്‍ക്കാര്‍ ഏറ്റെടുത്തോ എന്നും തുരങ്കപാത ഏറ്റെടുത്തോ എന്നും അദ്ദേഹം ചോദിച്ചു. കേരളത്തെ പിന്നോട്ട് അടിപ്പിക്കാന്‍ ആണ് ശ്രമമാണ് നടക്കുന്നതെന്നു കുറ്റപ്പെടുത്തി. മാരിടൈം ബോര്‍ഡിന് സര്‍വാധികാരം നല്‍കാനാണ് സര്‍ക്കാര്‍ നീക്കം എന്നായിരുന്നു ഇന്ന് നിയമസഭ പാസാക്കിയ ഭേദഗതി ബില്ലിനെ സംബന്ധിച്ച വിമര്‍ശനം. അതിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. അവിടെ ഫിഷറീസ് മന്ത്രിയെയോ, റവന്യു മന്ത്രിയെയോ, ഉദ്യോഗസ്ഥരെയോ കാണാനില്ല. വന്‍കിട കോര്‍പറേറ്റുകള്‍ പറയുന്നത് പോലെ പ്രവര്‍ത്തിക്കാന്‍ ആണ് ശ്രമം. മത്സ്യതൊഴിലാളികളെ ദ്രോഹിക്കുന്ന രീതിയാണ് ഇത്. പ്രത്യക്ഷത്തില്‍ കോര്‍പറേറ്റ് സഹായത്തോടെയുള്ള പദ്ധതികള്‍ ഒന്നിന് പുറകെ ഒന്നായി വരികയാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. കോര്‍പറേറ്റ് വത്കരണം കൊണ്ടുവരികയാണ്. അത് ചെറുക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി വരണമെന്നും സിപിഐഎംന്റെ കരുത്ത് കാണിക്കണമെന്നും പിണറായി ആഹ്വാനം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button