വിജിലൻസിലെ വിവരാവകാശ വിലക്ക്: കൊള്ളമുതൽ പങ്കിടാനുള്ള നാടകം എഐസിസിയുടെ മൗനാനുവാദമുണ്ടോ? ചോദ്യവുമായി പിണറായി

തിരുവനന്തപുരം: വിജിലൻസിലെ വിവരാവകാശ വിലക്കിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തീവെട്ടിക്കൊള്ള മറയ്ക്കാനാണ് സർക്കാർ നടപടിയെന്ന് പിണറായി ആരോപിച്ചു. അഴിമതി മൂടിവെക്കാനുള്ള നഗ്നമായ ഇടപെടലാണ് നടന്നത്. യുഡിഎഫ് സർക്കാറിന്റെ തീരുമാനത്തിന് എഐസിസിയുടെ മൗനാനുവാദം ഉണ്ടോ എന്നും പിണറായി ചോദിച്ചു.
അധികാരമേറ്റ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ നടത്തിയതും ഇനി നടത്താനിരിക്കുന്നതുമായ തീവെട്ടിക്കൊള്ള മറയ്ക്കാൻ വിവരാവകാശത്തിന്റെ കഴുത്തുഞെരിക്കുകയാണ് യുഡിഎഫ് സർക്കാർ. രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും അഴിമതി ഫയലുകൾ ഒളിപ്പിച്ചുവെക്കാൻ വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽ നിന്ന് വെട്ടിമാറ്റിയത് അഴിമതി മുടി വെക്കാനുള്ള നഗ്നമായ ഇടപെടലാണെന്നും പകൽക്കൊള്ളക്കാർക്ക് പരസ്യമായി കുടപിടിച്ചു കൊടുക്കലാണിതെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിക്കെതിരെയുള്ള വിജിലൻസ് രേഖകൾ പുറത്തുവന്ന് മുഖം വികൃതമായപ്പോൾത്തന്നെ ഇറങ്ങിയ ഈ വിജ്ഞാപനം ഭരണത്തണലിൽ അഴിമതി ആറാട്ട് നടത്തുന്ന ഉന്നതരെ രക്ഷിച്ചെടുക്കാനുള്ള വെപ്രാളമാണ്. വിവരാവകാശ നിയമം തങ്ങളുടെ ‘തറവാട്ടുസ്വത്ത്’ ആണെന്ന് മേനിപറഞ്ഞു നടന്ന കോൺഗ്രസ്, അതേ നിയമത്തിന്റെ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.



