സത്യം തെളിയുമെന്ന് പ്രതീക്ഷ, ദിവ്യക്കെതിരെയുള്ള ബെനാമി ഇടപാടുകളുടെ ആരോപണം ആവർത്തിച്ച് കെഎസ്‍യു നേതാവ്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ ക്രമക്കേടില്‍ സിപിഎം നേതാവ് പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടതിൽ പ്രതികരിച്ച് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസ്. സത്യം തെളിയുമെന്ന് പ്രതീക്ഷിക്കുന്നതായി പരാതിക്കാരനായ കെഎസ്‍യു നേതാവ് പറഞ്ഞു. ദിവ്യ നടത്തിയത് കോടിക്കണക്കിന് രൂപയുടെ ബെനാമി ഇടപാടുകളാണ്. ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചുന്നതെന്നും ഷമ്മാസ് ആരോപിച്ചു.
പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. ടെൻഡർ ഇല്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമ്മാണ കരാർ നൽകി എന്നാണ് ആരോപണം. കമ്പനി ദിവ്യയുടെ ബെനാമിയുടെതെന്നായിരുന്നു പരാതി. ദിവ്യയുടെയും ഭർത്താവിന്‍റെയും സ്വത്തും വിജിലൻസ് അന്വേഷിക്കും. കെഎസ്‌യു ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് അന്വേഷണം. 17(A) പ്രകാരം അന്വേഷണത്തിനുള്ള അനുമതി സർക്കാർ നൽകി. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് അനുമതി നൽകിയിരുന്നില്ല. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദുൽ ലത്തീഫിനെതിരെയും അന്വേഷണം നടത്തും.
വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ പറഞ്ഞു. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് ദിവ്യ അറിയിച്ചു. അപവാദങ്ങൾക്ക് മുന്നിൽ തലകുനിക്കില്ലെന്നും ദിവ്യ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ജില്ലാ പഞ്ചായത്തിന്‍റെ പദ്ധതികളെല്ലാം ഇ-ടെൻഡർ സംവിധാനത്തിലൂടെ സുതാര്യമായാണ് നടപ്പാക്കിയിട്ടുള്ളത്. 25 കോടിയുടെ അഴിമതിയെന്നൊക്കെയുള്ള ആരോപണങ്ങൾ കേട്ടപ്പോൾ ബോധം പോയില്ലെന്നേയുള്ളൂ. കണക്കുകളില്ലാത്ത ആരോപണങ്ങൾ എത്ര തവണ ആവർത്തിച്ചാലും അവ സത്യമാകില്ല. എന്നാലും അന്വേഷണം നടക്കട്ടെ. ആരോപണങ്ങൾക്ക് മറുപടി പറയേണ്ടത് അന്വേഷണവും തെളിവുകളുമാണെന്നും ദിവ്യ വ്യക്തമാക്കി




