സൗദിയിലെ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെയുണ്ടായ ഹൂതി ആക്രമണം; ശക്തമായി അപലപിച്ച് ഇന്ത്യ

ദില്ലി: സൗദി അറേബ്യയിലെ സാധാരണക്കാർക്ക് നേരെയും അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുമുള്ള ഹൂതി വിമതരുടെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ. ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രതികരണം നടത്തിയത്.
അതേസമയം പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥ മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ടെലിഫോൺ സംഭാഷണം നടത്തി. മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്‍റെ ആവശ്യകത ഇരുനേതാക്കളും ചൂണ്ടിക്കാട്ടിയതോടൊപ്പം നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന നിലപാട് ഇന്ത്യ ആവർത്തിച്ചു.
ആക്രമണത്തിൽ കടുത്ത പ്രതിഷേധം
സാധാരണക്കാർ താമസിക്കുന്ന മേഖലകളെയും ഊർജ്ജ നിലയങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അത്യന്തം അപലപനീയമാണെന്നും അത് ഉടനടി അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഒക്ടോബർ 21-ന് ദമ്മാം വിമാനത്താവളത്തിനും കിഴക്കൻ പ്രവിശ്യയിലെ സൗദി അരാംകോയുടെ ശൈബ എണ്ണപ്പാടത്തിനും നേർക്കുണ്ടായ ആക്രമണങ്ങളെ ഇന്ത്യ ശക്തമായ ഭാഷയിലാണ് വിമർശിച്ചത്




