Uncategorized

സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ സഹോദരനെ രക്ഷിക്കാൻ കേസെടുത്ത എസ് ഐയെ സ്ഥലം മാറ്റി

ചേലക്കര സൂപ്പിപ്പടിയിൽ നിയമം ലംഘിച്ച് നടത്തിയ അനധികൃത കരിങ്കൽ ഖനനത്തിലും സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസിലും മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ ഇടപെടൽ. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ വിനീതിന്റെ സഹോദരൻ വിനോദിനെ കേസിൽ നിന്ന് രക്ഷിക്കാനാണ് സി എം ഒ നേരിട്ട് ഇടപെട്ടതെന്നാണ് വിവരം. സ്ഫോടക വസ്തുക്കൾ പിടികൂടിയ എസ് ഐ ഗ്രീഷ്മയെ സംഭവത്തിന് പിന്നാലെ സ്ഥലം മാറ്റി. കെെരളി ന്യൂസാണ് വിവരം പുറത്തുകൊണ്ടുവന്നത്.

ചേലക്കര സൂപ്പിപ്പടിയിലെ സ്ഥലം പവർ ഓഫ് അറ്റോണി പ്രകാരം കൈകാര്യം ചെയ്തിരുന്നത് വിനോദ് ആയിരുന്നു. പിന്നീട് ഇവിടെ മണ്ണെടുക്കുന്നതിനുള്ള അനുമതി ഇവർ നേടിയെടുത്തെങ്കിലും, പാറ പൊട്ടിക്കുകയാണെങ്കിൽ ഒരു കാരണവശാലും സ്ഫോടക വസ്തുക്കൾ ഉപയോഗിക്കാൻ പാടില്ലെന്ന കർശന നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഇത് ലംഘിച്ച് വ്യാപകമായി സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ഖനനം നടത്തിയതോടെ നാട്ടുകാർ പൊലീസിൽ പരാതി നൽകി. ആദ്യഘട്ടത്തിൽ പൊലീസ് താക്കീത് നൽകി വിട്ടയച്ചെങ്കിലും, പിന്നീട് സംയുക്ത പരിശോധനയിലാണ് ജലാറ്റിൻ സ്റ്റിക്ക് ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കൾ പിടികൂടിയത്.

തുടർന്ന് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്ത വിവരം അറിഞ്ഞ് വിനോദിനെ ചേലക്കര പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. എന്നാൽ ഈ സമയത്താണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഉന്നത ഇടപെടലുണ്ടായത്. പ്രതിയുടെ പേരോ വിവരങ്ങളോ ഉൾപ്പെടുത്താതെയാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. താൻ ഖനനത്തിന് മറ്റൊരാളെയാണ് ഏൽപ്പിച്ചിരുന്നതെന്നും സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചത് അറിഞ്ഞിരുന്നില്ലെന്നുമായിരുന്നു വിനോദിന്റെ വാദം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button