Uncategorized

ബത്തേരിയിൽ വീണ്ടും ഐസി; കോട്ട കാത്ത് യുഡിഎഫ്

സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഐ സി ബാലക‍ൃഷ്‍ണന് ജയം. 16597 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഐ സി ബാലക‍ൃഷ്‍ണൻ വിജയിച്ചത്. ഐ സി ബാലക‍ൃഷ്‍ണൻ 78936 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫിന്‍റെ എംഎസ് വിശ്വനാഥന് 62339 വോട്ടുകൾ ലഭിച്ചു.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഐ സി ബാലക‍ൃഷ്‍ണൻ തന്നെയാണ് സുൽത്താൻ ബത്തേരിയിൽ വിജയിച്ചത്. 81,077 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർഥി എംഎസ് വിശ്വനാഥൻ 69255 വോട്ടുകൾ നേടി രണ്ടാമതെത്തി. 11,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഐ സി ബാലകൃഷ്‍ണന്റെ വിജയം. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ഐസി ബാലകൃഷ്‍ണൻ തന്നെയാണ് മണ്ഡലത്തിൽ നിന്നും വിജയിച്ചുവന്നത്.

കോൺഗ്രസിന്റെ ഉറച്ച കോട്ടകളിൽ ഒന്നാണ് സുൽത്താൻ ബത്തേരി. 1977ലാണ് സുൽത്താൻ ബത്തേരി നിയമസഭ മണ്ഡലം രൂപീകൃതമായത്. അന്ന് മുതൽ രണ്ട് തവണ മാത്രമാണ് സിപിഎം ഈ മണ്ഡലത്തിൽ വിജയിച്ചത്. ബാക്കി തെരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസോ അവരുടെ സഖ്യകക്ഷികളോ അല്ലാതെ മറ്റൊരു പാര്‍ട്ടിയും ഇവിടെ വിജയിച്ചിട്ടില്ല. സുൽത്താൻ ബത്തേരി നഗരം, അമ്പലവയൽ, നെന്മേനി, നൂൽപ്പുഴ, ചീരാൽ, കിടങ്ങനാട് തുടങ്ങിയ പഞ്ചായത്തുകൾ അടങ്ങിയതാണ് സുൽത്താൻ ബത്തേരി നിയമസഭ മണ്ഡലം.

പണിയ, കാട്ടുനായ്‍ക, കുറുമ്മ, അടിയ വിഭാഗങ്ങളുൾപ്പെടെയുള്ള പട്ടികവർഗക്കാർ മണ്ഡലത്തിലെ വിജയിയെ നിര്‍ണയിക്കുന്ന വലിയൊരു വിഭാഗമാണ്. മധ്യതിരുവിതാംകൂറിൽ നിന്നുള്ള ക്രൈസ്‍തവ കർഷകരും വ്യാപാര മേഖലയിൽ സജീവമായ മുസ്ലീം വിഭാഗവും നിർണ്ണായക സ്വാധീനം ചെലുത്തുന്നു. കൃഷിയെയും കുടിവെള്ള ലഭ്യതയെയും ബാധിക്കുന്ന കാലാവസ്ഥാ വ്യതിയാനവും ആന, കടുവ എന്നിവയുമായി ബന്ധപ്പെട്ട മനുഷ്യ-വന്യജീവി സംഘർഷവുമെല്ലാം മണ്ഡലത്തിലെ പ്രധാന ചര്‍ച്ച വിഷയങ്ങളായിരുന്നു. വന്യജീവി ഇടനാഴികൾ നശിപ്പിക്കപ്പെടുന്നത്, കുരുമുളക്, ഇഞ്ചി കർഷകരുടെ പ്രതിസന്ധികൾ, ആദിവാസി ഭൂമി നഷ്ടപ്പെടുന്നതും വനാവകാശങ്ങളിലെ കാലതാമസവും, അതിർത്തി റോഡുകളിലെ സുരക്ഷ, നിയന്ത്രണമില്ലാത്ത ടൂറിസം പരിസ്ഥിതിക്ക് ഏൽപ്പിക്കുന്ന ആഘാതം തുടങ്ങിയ വിഷയങ്ങളും ചർച്ചയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button