ലക്ഷങ്ങൾ ചെലവ് വരുന്ന അതിസങ്കീർണ നട്ടെല്ല് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി മഞ്ചേരി മെഡിക്കൽ കോളേജ്; 69-കാരിക്ക് ആശ്വാസം

മഞ്ചേരി: വർഷങ്ങളായി കടുത്ത നടുവേദനയും കാലുകൾക്ക് ബലക്കുറവും കാരണം ദുരിതത്തിലായിരുന്ന 69-കാരിക്ക് വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കി മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി. സ്വകാര്യ ആശുപത്രികളിൽ അഞ്ച് ലക്ഷത്തോളം രൂപ ചെലവ് വരുന്ന അതിസങ്കീർണ്ണമായ നട്ടെല്ല് ശസ്ത്രക്രിയയാണ് ഇവിടെ പൂർണ്ണമായും സൗജന്യമായി ചെയ്ത് നൽകിയത്. മഞ്ചേരി സ്വദേശിയായ പദ്മിനിയെ (69) ട്രാൻസ്ഫോറാമിനൽ ലംബാർ ഇന്റർബോഡി ഫ്യൂഷൻ (TLIF) എന്ന അത്യാധുനിക സർജറിക്കാണ് വിധേയയാക്കിയത്. മഞ്ചേരി മെഡിക്കൽ കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സങ്കീർണ്ണ ശസ്ത്രക്രിയ നടക്കുന്നത്.
വർഷങ്ങളായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് പദ്മിനി മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തുന്നത്. സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ശസ്ത്രക്രിയ സൗജന്യമായി നടത്തിയത്. ഓർത്തോപീഡിക്സ് വിഭാഗം മേധാവിയും സ്പൈൻ സർജനുമായ പ്രൊഫ. ഡോ. ബിന്ദുലാലിന്റെ നേതൃത്വത്തിലായിരുന്നു ഈ ദൗത്യം. അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ബഷീർ അടങ്ങുന്ന ഡോക്ടർമാരുടെ സംഘവും നഴ്സിംഗ്, പാരാമെഡിക്കൽ ജീവനക്കാരും സർജറിയിൽ പങ്കാളികളായി.
ശസ്ത്രക്രിയ വിജയകരമായതിനെ തുടർന്ന് രോഗിയെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. സാധാരണക്കാർക്ക് താങ്ങാനാകാത്ത വലിയ തുക ചെലവ് വരുന്ന ചികിത്സ സൗജന്യമായി ലഭിച്ചതിന്റെ ആശ്വാസത്തിലാണ് പദ്മിനിയും കുടുംബവും. ഈ അപൂർവ്വ നേട്ടം കൈവരിച്ച ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അബ്ദുൽ മജീദും സൂപ്രണ്ട് ഡോ. എസ്. എ. ഹാഫിസും അഭിനന്ദിച്ചു.




