രാജ്യത്ത് ഇന്നും സമരജ്വാല ഉയരും; ബെംഗളൂരുവില്‍ സിജെപി പ്രതിഷേധം, ഡല്‍ഹിയില്‍ സമരം തുടരാന്‍ ഇന്‍ഡ്യ സഖ്യം

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് ആകമാനം പ്രതിഷേധമുയര്‍ത്താന്‍ നീക്കം തുടര്‍ന്ന് പ്രതിപക്ഷ കക്ഷികളും സിജെപിയും. എസ്‌ഐആറിനെതിരെ ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ ഇന്ന് പ്രതിഷേധമുയര്‍ത്താനാണ് സിജെപിയുടെ തീരുമാനം. ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ പ്രഖ്യാപിച്ച സമരത്തിന് മുന്നോടിയായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രമുഖ പൊളിറ്റിക്കല്‍ കമന്റേറ്ററും ആര്‍എസ്എസ് വിമര്‍ശകനുമായി ധ്രുവ് റാഠിയുടെ സാനിധ്യമാണ് ഫ്രീഡം പാര്‍ക്ക് പ്രതിഷേധത്തിലെ പ്രധാന ആകർഷണം. സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ, നടനും ആക്റ്റിവിസ്റ്റുമായ പ്രകാശ് രാജ്, എന്നിവരും പ്രതിഷേധത്തിന് നേതൃത്വം നല്‍കും. മൂവരും ഒന്നിച്ചുള്ള വീഡിയോ ഇന്നലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. സേവ് വോട്ട്, സേവ് ഡെമോക്രസി എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്.
നിയവിരുദ്ധമായി എസ്‌ഐആറില്‍ പുറത്താക്കപ്പെട്ട കന്നഡികരുമായി സംവദിക്കുന്ന ആദാലത്തും സിജെപി സംഘടിപ്പിക്കുന്നുണ്ട്. കര്‍ണാടകയിലുടനീളമുള്ള സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളാകും അദാലത്തിന് നേതൃത്വം നല്‍കുക. ജനങ്ങളുമായുള്ള അദാലത്തിന് ശേഷം കോക്രോച്ച് ജനതാ പാര്‍ട്ടി ഇന്ന് ബെംഗളൂരുവില്‍ ‘ചപ്പല്‍ പ്രതിഷേധവും’ സംഘടിപ്പിക്കുന്നുണ്ട്. അതിക്രമങ്ങള്‍ക്കിരയായ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ‘ചപ്പല്‍ പ്രതിഷേധം’. ഡല്‍ഹിയില്‍ പൊലീസ് അതിക്രമത്തിനിരയായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം സിജെപി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ആര്‍എസ്എസിനെതിരായി ചിന്തിക്കുന്ന പ്രമുഖരെയെല്ലാം ഒന്നിച്ചു കൂട്ടി സമരത്തിന് രാജ്യ ശ്രദ്ധ ആകര്‍ഷിക്കുക എന്നതാണ് സിജെപി ലക്ഷ്യമിടുന്നത്.അതേസമയം ഇന്നലത്തെ മിന്നല്‍ പ്രതിഷേധം ഉള്‍പ്പെടെ രണ്ട് ദിവസമായി പ്രതിപക്ഷ എംപിമാര്‍ ഡല്‍ഹിയില്‍ നടത്തിവരുന്ന സമരം ഇന്നും തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്നും സമരത്തില്‍ അണിനിരക്കാന്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് എഐസിസി നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെത്തെ മിന്നല്‍ പ്രതിഷേധത്തിനിടെ അറസ്റ്റിലായ പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് വിട്ടയച്ചിരുന്നു.
അതിനിടെ, പ്രതിഷേധത്തില്‍ പങ്കെടുത്ത എല്ലാ ഇന്‍ഡ്യാ മുന്നണി എംപിമാര്‍ക്കും രാഹുഗാന്ധി നന്ദി പറഞ്ഞു. നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായി പാര്‍ലമെന്റിലും, തെരുവുകളിലും, ജന്തര്‍ മന്തറിനടുത്തും ഉറച്ചുനില്‍ക്കുന്ന ഓരോ ഇന്‍ഡ്യാ മുന്നണി എംപിമാരോടും നന്ദി പറയുകയാണെന്ന് രാഹുഗാന്ധി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് അദ്ദേഹം പ്രതികരിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തെ എതിര്‍ത്ത കേന്ദ്രസര്‍ക്കാരിനെതിരെയും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെ ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് ജന്തര്‍ മന്തറില്‍ നടന്നത്. മൂന്ന് ബസുകളിലായി ജന്തര്‍ മന്തറിലേക്ക് പോയ പ്രതിപക്ഷ എംപിമാരെ അശോക നഗറില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെ പ്രതിഷേധം ആളിക്കത്തുകയായിരുന്നു. വാഹനത്തില്‍ നിന്നും പുറത്തിറങ്ങി മുന്നോട്ട് നടന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് മാറ്റിയതോടെ സംഘര്‍ഷാവസ്ഥയിലായി. റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്ന പ്രിയങ്കയെ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിനിടെ പ്രിയങ്ക കയ്യില്‍ കരുതിയിരുന്ന ഭരണഘടന ഉയര്‍ത്തി വീണ്ടും പ്രതിഷേധിച്ചു.



