വിഷപ്പാമ്പുകളുമായി ട്രെയിനിൽ കയറും, യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടും; ആറംഗ സംഘം പിടിയിൽ

പാട്ന: പാമ്പുകളുമായി ട്രെയിനിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മോഷണം നടത്തുന്ന സംഘം ബിഹാറിൽ പിടിയിൽ. ജനസേവ എക്സ്പ്രസിൽ കയറിയ ആറുപേരെയാണ് ആർപിഎഫ് പിടികൂടിയത്. ഇവരിൽ നിന്ന് പത്ത് വിഷപ്പാമ്പുകളെ പിടിച്ചെടുത്തു. ദിവസേന നൂറുകണക്കിന് ആളുകൾ യാത്ര ചെയ്യുന്ന ട്രെയിനിലാണ് ഇവർ എല്ലാ ദിവസവും വിഷപ്പാമ്പുകളുമായി എത്തി യാത്രക്കാരെ പേടിപ്പിച്ച് പണം തട്ടിയിരുന്നത്.ജനറൽ കംപാർട്ട്മെൻ്റിൽ കയറുന്ന സംഘം ആളുകളെ ഭീഷണിപ്പെടുത്തി വലിയ തുകകൾ വാങ്ങുന്നത് പതിവായിരുന്നു. പണം നൽകിയില്ലെങ്കിൽ പാമ്പുകളെ തുറന്നുവിട്ട് ഭയപ്പെടുത്തി പണം വാങ്ങുകയായിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ഈ സംഘം പാമ്പുകളുമായെത്തി പണം തട്ടുന്നുവെന്ന അടിയന്തര സന്ദേശം റെയിൽ മദദ് ആപ്പിലൂടെ ആർപിഎഫിന് യാത്രക്കാരൻ കൈമാറി. തുടർന്ന് ട്രെയിനിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ എത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ പാമ്പിനെ ട്രെയിനിൽ തന്നെ തുറന്നുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും പ്രതികൾ ശ്രമം നടത്തി. ഏറെ പണിപ്പെട്ടാണ് ഇവരെ ട്രെയിനിൽ നിന്ന് പുറത്തിറക്കിയത്. സ്റ്റേഷനിൽ എത്തിയ ശേഷവും ഇവർ പാമ്പുകളെ തുറന്നുവിട്ട് രക്ഷപ്പെടാൻ ശ്രമം നടത്തി.




