‘പ്രതിഷേധം സംഘടിപ്പിക്കുമ്പോൾ ഹോസ്റ്റലിലേക്ക് പന്തമെറിയാൻ പാടില്ലെന്ന് യൂത്ത് കോൺഗ്രസുകാരോട് പറയണം’: കെസി വേണുഗോപാലിന് എംഎ ബേബിയുടെ മറുപടി

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ യൂത്ത് കോൺഗ്രസും പൊലീസും വിദ്യാർഥികളെ ആക്രമിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. വിഷയത്തിൽ കെ.സി. വേണുഗോപാൽ പറഞ്ഞത് വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യൂത്ത് കോൺഗ്രസിനെ എസ്.എഫ്.ഐക്കാർ ആക്രമിച്ചു എന്ന തരത്തിലാണ് കെ സി വേണുഗോപാൽ കാര്യങ്ങളെ വളച്ചൊടിച്ചത്.യൂത്ത് കോൺഗ്രസുകാർ നടത്തിയ പ്രകടനം തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലേക്ക് എത്തിയപ്പോൾ പെട്ടെന്ന് പവർ കട്ട് ഉണ്ടായി. സ്ട്രീറ്റ് ലൈറ്റും വെളിച്ചവും എല്ലാം പോയി, പ്രദേശം ഇരുട്ടിലാവുകയും ചെയ്തു. ഈ സമയം ഹോസ്റ്റലിനുള്ളിൽ നിന്ന വിദ്യാർത്ഥികൾ പവർകട്ടിനെ പരിഹസിച്ച് ശബ്ദമുണ്ടാക്കി. ഇതിൽ പ്രകോപിതരായ യൂത്ത് കോൺഗ്രസുകാർ പന്തം ഹോസ്റ്റലിനുള്ളിലേക്ക് എടുത്തെറിയുകയായിരുന്നു, ഇതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്.
പന്തം അകത്തേക്ക് ചെന്ന് തീ പടർന്നുപിടിച്ചപ്പോൾ അത് അണയ്ക്കാനും വിദ്യാർത്ഥികളെ നിയന്ത്രിക്കാനും സഹായം ആവശ്യപ്പെട്ട് കണ്ടോൺമെന്റ് പൊലീസ് സ്റ്റേഷൻ അധികാരികളും എ.സി.പി ഉൾപ്പെടെയുള്ളവരും വിളിച്ചതുകൊണ്ടാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് സ്ഥലത്തെത്തുന്നത്. എന്നാൽ സഞ്ജീവ് ഉൾപ്പെടെയുള്ള നേതാക്കളെയും ഹോസ്റ്റലിലെ കുട്ടികളെയും പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ചേർന്ന് ക്രൂരമായി മർദിച്ചു.ഹോസ്റ്റലിനുള്ളിൽ കയറി ഒരു വിദ്യാർത്ഥിയുടെ തല പൊലീസ് അടിച്ചുതകർത്തു. നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റു. വാർത്ത കവർ ചെയ്യാനെത്തിയ ദേശാഭിമാനിയുടെ വനിതാ മാധ്യമ പ്രവർത്തകയ്ക്കും സഞ്ജീവിനും പരുക്കേറ്റിട്ടുണ്ട്. ഒരു വിദ്യാർത്ഥി ഹോസ്റ്റലിൽ കയറി പൊലീസും യൂത്ത് കോൺഗ്രസുകാരും ചേർന്ന് നടത്തിയ ഈ കിരാതമായ അതിക്രമം അപലപിക്കപ്പെടേണ്ടതാണ്.
പ്രതിഷേധം സംഘടിപ്പിക്കുമ്പോൾ വിദ്യാർത്ഥി ഹോസ്റ്റലിലേക്ക് പന്തറിയാൻ പാടില്ലെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് പറയാൻ കെ.സി. വേണുഗോപാൽ തയ്യാറാകണം. യൂത്ത് കോൺഗ്രസുകാരെ സഹായിക്കാൻ പൊലീസ് ഹോസ്റ്റലിൽ കടന്നുകയറി വിദ്യാർത്ഥികളെ തലതല്ലിപ്പൊളിക്കുന്ന രീതി അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് കെ.സി. വേണുഗോപാൽ ആവശ്യപ്പെടണം, എം എ ബേബി പറഞ്ഞു.തിരുവനന്തപുരം ജില്ലയിലടക്കം വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പുകളിൽ എസ്.എഫ്.ഐ വലിയ വിജയം കൈവരിക്കുന്നതിൽ അസ്വസ്ഥരായി എസ്.എഫ്.ഐക്കാരെയും യൂണിവേഴ്സിറ്റി ഹോസ്റ്റലിനെയും ലക്ഷ്യം വെക്കുക എന്നത് പൊലീസിന്റെയും യൂത്ത് കോൺഗ്രസിന്റെയും കാര്യപരിപാടിയായി മാറിയിരിക്കുകയാണ് എന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും ജനാധിപത്യ പ്രക്രിയകളിലും ഉണ്ടാകുന്ന ഇത്തരം തടസങ്ങളെല്ലാം ഞങ്ങൾക്ക് മറികടക്കാൻ സാധിക്കുമെന്നും എം എ ബേബി വ്യക്തമാക്കി.




