Uncategorized

‘പൊതിച്ചോറിന്റെ പേരില്‍ നാട് മുഴുവന്‍ പണപ്പിരിവ്’; വിമര്‍ശനവുമായി വീണ്ടും ജി സുധാകരന്‍

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജിലെ പൊതിച്ചോര്‍ വിതരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍. പൊതിച്ചോറിന്റെ പേരില്‍ നാട് മുഴുവന്‍ പണപ്പിരിവ് ആണെന്നും നാട്ടുകാര്‍ കൊടുക്കുന്ന പൊതിച്ചോര്‍ കൊണ്ടുകൊടുക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിനേ അധികാരം ഉള്ളൂവെന്നും ജി സുധാകരന്‍ പറഞ്ഞു.

‘ആശുപത്രി കോമ്പൗണ്ടില്‍ ഭക്ഷണം ഉണ്ടാക്കി അകത്ത് കൊണ്ടുപോയി വിളമ്പുക. അതിനായി നാട് മുഴുവന്‍ നടന്ന് പണം പിരിക്കുക. ഒരു പഞ്ചായത്തിലെ മുഴുവന്‍ വീട്ടിലും പോയി പൊതിച്ചോര്‍ വാങ്ങി ഞാന്‍ തരുന്നതാണെന്നും പറഞ്ഞ് കൊടുക്കുക. ഇതൊക്കെ പറയുമ്പോള്‍ പൊതിച്ചോര്‍ വിലക്കി എന്നാവും. പൊതിച്ചോര്‍ ആരും വിലക്കിയിട്ടില്ല. ഈ പൊതിച്ചോറിന് വേണ്ടി പത്ത് പൈസ ഇയാള്‍ മുടക്കിയിട്ടുണ്ടോ? നാട്ടുകാര്‍ കൊടുക്കുന്ന പൊതിച്ചോര്‍ കൊണ്ടുകൊടുക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിനേ അധികാരം ഉള്ളൂ. വ്യക്തിക്ക് അധികാരം ഇല്ല. അതെങ്കിലും മിനിമം പാലിക്കാമോ?’, ജി സുധാകരന്‍ ചോദിച്ചു.

കേരളത്തില്‍ പബ്ലിക്ക് സെന്‍സ് ഇല്ല. അതുകൊണ്ടാണ് എത്രകാലം കഴിഞ്ഞാലും ഇത് ഗതിപിടിക്കാതെ കിടക്കുന്നത്. അമേരിക്കയേക്കാള്‍ നമ്പര്‍ വണ്‍ എന്നാണ് പറയുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് കത്രിക ഉള്ളില്‍വെച്ച് തുന്നിയതിലും നമ്മള്‍ നമ്പര്‍ വണ്‍ ആണ്. തെറ്റാണ് ശരി, ശരിയാണ് തെറ്റ് എന്ന് പറയുന്ന രാഷ്ട്രീയമാണ് ഇവിടെ. ഇതില്‍ കക്ഷി വ്യത്യാസം ഇല്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

നേരത്തെയും പലതവണ ഡിവൈഎഫ്‌ഐ പൊതിച്ചോര്‍ വിതരണത്തെ ജി സുധാകരന്‍ വിമര്‍ശിച്ചിരുന്നു. മറ്റ് മെഡിക്കല്‍ കോളേജുകളില്‍ ഇല്ലാത്ത വിധം ആലപ്പുഴയില്‍ മാത്രം ഷെഡ് കെട്ടി ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന സംവിധാനം നിരുത്സാഹപ്പെടുത്തണമെന്നും, ആശുപത്രി പരിസരങ്ങളെ സംഘടനയുടെ ബാനറുകള്‍ സ്ഥാപിച്ച് മത്സരവേദിയാക്കരുതെന്നുമായിരുന്നു വിമര്‍ശനം. മെഡിക്കല്‍ കോളേജ് കോമ്പൗണ്ടുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളോ മറ്റ് സംഘടനകളോ ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button