‘ഇടുക്കിയിൽ ജനവാസ മേഖലയിലേക്ക് വരുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിനു പകരം ജനങ്ങൾ മാറി കൊടുക്കണം എന്ന ഉത്തരവ് വിചിത്രം’: സിപിഐഎം

ഇടുക്കി ജില്ലാ കളക്ടറുടെ വിവാദ ഉത്തരവിൽ പ്രതികരിച്ച് സിപിഐഎം. ഇത് ജനവിരുദ്ധമായ നടപടിയാണെന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു. അങ്ങേയറ്റം പ്രാകൃതമായ നിലപാടാണ് കളക്ടർ സ്വീകരിച്ചിട്ടുള്ളതെന്നും ഉത്തരവ് കളക്ടർ പിൻവലിക്കണമെന്നും വർഗീസ് കൂട്ടിച്ചേർത്തു.തോട്ടം തൊഴിലാളികൾ വൈകിട്ട് ആറുമണിവരെ പണിയെടുക്കുന്നവരാണെന്നും സി വി വർഗീസ്. ജനവാസ മേഖലയിലേക്ക് വരുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കണം. അതിനുപകരം ജനങ്ങൾ മാറി കൊടുക്കണം എന്നത് വിചിത്രമായ ഉത്തരവ്. ഈ തീരുമാനം അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെയാണ് വീണ്ടും വിവാദ ഉത്തരവുമായി ഇടുക്കി ജില്ലാ കളക്ടർ രംഗത്തെത്തുന്നത്. വന്യമൃഗങ്ങൾ ഇറങ്ങുന്ന സാഹചര്യത്തിൽ വനത്തോട് ചേർന്ന തോട്ടം മേഖലയിൽ രാത്രി സഞ്ചാരത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. വൈകിട്ട് ആറ് മുതൽ രാവിലെ ആറുവരെയാണ് സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തിയത്. മനുഷ്യ – വന്യജീവി സംഘർഷം ഒഴിവാക്കാനാണ് നടപടിയെന്നും ഉത്തരവിൽ പറയുന്നു. തൊഴിലാളികൾക്കും തോട്ടം ഉടമകൾക്കുമാണ് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. വന്യജീവി ആക്രമണം വർധിച്ചു വരുമ്പോഴും അതിനു വേണ്ട കൃത്യമായ പരിഹാരം കണ്ടെത്താതെ ജനങ്ങൾ പുറത്തിറങ്ങരുത് എന്നു പറയുന്നത് വിചിത്രമായ നിർദേശമാണെന്നാണ് ഉയർന്നുവരുന്ന ആക്ഷേപം.




