Uncategorized

അടൂരിലെ സംഘര്‍ഷം; ‘രാഹുലിന് പാര്‍ട്ടി ഒരു പരിഗണനയും നല്‍കുന്നില്ല’; കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്

പത്തനംതിട്ട: അടൂരിലെ സംഘര്‍ഷങ്ങളില്‍ ബലാത്സംഗ കേസുകളിലെ പ്രതി രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ടതില്‍ പത്തനംതിട്ട കോണ്‍ഗ്രസില്‍ ഭിന്നത. രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രംഗത്തെത്തി. രാഹുലിന് പാര്‍ട്ടി ഒരു പരിഗണനയും നല്‍കുന്നില്ലെന്നാണ് അടൂര്‍ ബ്ലോക്ക് പ്രസിഡന്റ് ആബിദ് ഷെഹീമിന്റെ പ്രതികരണം. രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പുറത്താക്കിയതാണ്. പാര്‍ട്ടിയുമായി രാഹുലിന് ഒരു ബന്ധവുമില്ല. രാഹുല്‍ സംഘര്‍ഷ സ്ഥലത്ത് പോയത് സുഹൃത്തുക്കളുമായി ആയിരിക്കും. പാര്‍ട്ടിക്ക് അതില്‍ യാതൊരു ബന്ധവുമില്ലെന്നും കെപിസിസി പ്രസിഡന്റ് അയാളെ പുറത്താക്കിയതാണെന്നും ബ്ലോക്ക് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് നേതാവ് ആണെന്നും മുമ്പ് നടപടി എടുത്തത് കെപിസിസി ആണെന്നും ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ നേരത്തെ പ്രതികരിച്ചിരുന്നു.കഴിഞ്ഞ ദിവസമാണ് അടൂരില്‍ എസ്എഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം ഉണ്ടായത്. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയാണ് എസ്എഫ്‌ഐ നേതാക്കളെ ലൈംഗികാതിക്രമക്കേസ് പ്രതി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘം മര്‍ദിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍, ഫെനി നൈനാന്‍, അനന്തു ഗോപന്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നാല് കാറുകളിലായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഹുല്‍ മാങ്കൂട്ടത്തിലും കാഷ്വാലിറ്റിയിലേക്ക് പ്രവേശിക്കുകയും സഹില്‍, പ്രണവ് എന്നിവരെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി.

എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണോയെന്ന് ചോദിച്ചശേഷമായിരുന്നു ആക്രമണമെന്ന് എസ്എഫ്ഐ നേതാക്കള്‍ ആരോപിച്ചു. സംഘം ഇടിവളകൊണ്ട് ഇടിക്കുകയും കമ്പ് കൊണ്ടടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നും ആരോപിക്കുന്നു. ഇതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം ഏറ്റിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെയും സുഹൃത്തിനെയും ഡിവൈഎഫ്‌ഐ – എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button