വോട്ട് ചോരി ആരോപണം: പാർട്ടിക്കുള്ളിൽ നിന്ന് മതിയായ പിന്തുണ ലഭിച്ചില്ല, അതൃപ്തി രേഖപ്പെടുത്തി രാഹുൽ ഗാന്ധി

വോട്ട് ചോരി ആരോപണത്തിൽ പാർട്ടി നേതാക്കളുടെ പ്രവർത്തനത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി രാഹുൽ ഗാന്ധി. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ അപര്യാപ്തതകളിൽ അദ്ദേഹം കടുത്ത അതൃപ്തി പ്രകടിപ്പിച്ചത്. വോട്ട് ചോരി ആരോപണങ്ങൾക്ക് പാർട്ടിക്കുള്ളിൽ നിന്ന് ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്നും, കാര്യങ്ങൾ ഗൗരവത്തോടെ കാണാൻ ഒരു വിഭാഗം മുതിർന്ന നേതാക്കൾ തയ്യാറായില്ലെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു.പ്രതിഷേധവുമായി ഇറങ്ങുന്നതിന് പകരം വിഷയം കേവലം വിശകലനം ചെയ്യുക മാത്രമാണ് ചിലർ ചെയ്തത്. താൻ ഉന്നയിച്ച കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടാൻ പോലും നേതാക്കൾക്ക് രണ്ടു വർഷം വേണ്ടിവന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇനിയും ഈ രീതിയിൽ മുന്നോട്ടുപോകാൻ കഴിയില്ലെന്നും പാർട്ടി പ്രവർത്തനങ്ങളിൽ കർശന മാറ്റങ്ങൾ വേണമെന്നും പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. ബിജെപിയുടെ അധികാരം നഷ്ടപ്പെടുമെന്ന് ആ പാർട്ടി തന്നെ മനസ്സിലാക്കുമ്പോൾ, കോൺഗ്രസ് നേതാക്കളും ഈ യാഥാർത്ഥ്യം തിരിച്ചറിയണം. പാർട്ടി ഉന്നയിക്കുന്ന സുപ്രധാന ആരോപണങ്ങളിൽ സ്വന്തം നേതാക്കൾക്ക് തന്നെ വിശ്വാസമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.നേതാക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകളുടെ പ്രവർത്തനം ഹൈക്കമാൻഡ് നിരീക്ഷിക്കും. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെക്കുന്ന പോസ്റ്റുകളും അഭിപ്രായങ്ങളും പരിശോധിക്കുന്നതിനൊപ്പം, രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക പോസ്റ്റുകൾ ആരൊക്കെ ഷെയർ ചെയ്യുന്നുണ്ടെന്ന കാര്യവും ഇനി മുതൽ കൃത്യമായി നിരീക്ഷിക്കപ്പെടുമെന്നാണ് സൂചന.




