ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; തീരുമാനങ്ങൾ ഇന്ത്യാ സഖ്യ യോഗത്തിനുശേഷം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. ചൊവ്വാഴ്ച ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. എസ്ഐആർ നടപടിയിലൂടെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായ 13 കോടി പേരെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തക സമിതി പ്രമേയം പാസാക്കി.പ്രധാനമന്ത്രി രാജിവെക്കണമെന്നും എസ്ഐആർ നടപടി റദ്ദാക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. തുടർ പ്രതിഷേധ പരിപാടികൾ ബുധനാഴ്ച ചേരുന്ന ഇന്ത്യാ സഖ്യ യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക. സഖ്യത്തിലെ മറ്റ് കക്ഷികളുമായി ആലോചിക്കാതെ ഒറ്റയ്ക്ക് തുടർനടപടികൾ പ്രഖ്യാപിക്കേണ്ടതില്ലെന്നും കോൺഗ്രസ് നിലപാടെടുത്തു. ഗ്യാനേഷ് കുമാറിനെതിരായ ഇംപീച്ച്മെന്റ് നടപടിയടക്കമുള്ള വിഷയങ്ങളും നാളത്തെ യോഗത്തിൽ ചർച്ചയായേക്കും.
അതേസമയം ഇന്ത്യാ സഖ്യത്തിലെ പ്രധാന നേതാവായ അഖിലേഷ് യാദവ് നാളത്തെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയ അഖിലേഷ് പകരം പ്രതിനിധിയെ അയയ്ക്കാമെന്നും വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായും അഖിലേഷ് ആശയവിനിമയം നടത്തി.
തമിഴ്നാട്ടിലെ പ്രധാന കക്ഷിയായ ഡിഎംകെയെ സഖ്യത്തിലേക്ക് തിരികെ കൊണ്ടുവരുന്ന കാര്യവും ചർച്ച ചെയ്യുമെന്ന് കെ.സി. വേണുഗോപാൽ അറിയിച്ചു. ജനാധിപത്യത്തെ തകർക്കുന്ന നടപടികൾ കണ്ടുനിൽക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ വെളിപ്പെടുത്തലും പ്രവർത്തക സമിതി യോഗത്തിൽ ചർച്ചയായി. രമേശ് ചെന്നിത്തലയാണ് വിഷയം ഉന്നയിച്ചത്.



