യൂട്യൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിൽ

പത്തനംതിട്ട: യൂട്യൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിൽ. സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ്റെ പരാതിയിലാണ് അറസ്റ്റ്. അടൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.നേരത്തെ, കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ രണ്ട് തവണ രാജൻ ജോസഫ് അറസ്റ്റിലായിരുന്നു. ഈ കേസിലെ ജാമ്യവസ്ഥകളുടെ ലംഘനം കൂടി ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ജൂലൈ 12നാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ രാജൻ ജോസഫിനെ ആദ്യം അറസ്റ്റ് ചെയ്തത്. കേസിൽ ജാമ്യത്തിലിറങ്ങിയ പിന്നാലെ ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് വീണ്ടും അപകീർത്തികരമായ വീഡിയോകൾ ഇയാൾ പോസ്റ്റ് ചെയ്തു. സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കരുത് എന്ന കർശന വ്യവസ്ഥയിലായിരുന്നു ജാമ്യം ലഭിച്ചത്.
എന്നാൽ, ജാമ്യം കിട്ടി പുറത്തിറങ്ങിയ അന്നുതന്നെ രാജൻ ജോസഫ് ശ്രീനാദേവിയെ അധിക്ഷേപിക്കുന്ന വീഡിയോ യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ചു. തുടർന്നാണ് ജൂലൈ 17ന് വീണ്ടും അറസ്റ്റിലായത്. ഈ കേസിലും ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും അറസ്റ്റിലായിരിക്കുന്നത്.



