ബിഹാറിൽ വീണ്ടും പെൺകുട്ടിക്ക് നേരേ അതിക്രമം; പരസ്യമായി ഉപദ്രവിച്ചു, മോശമായി പെരുമാറി; വീഡിയോ പുറത്തായതോടെ കേസെടുത്ത് പൊലീസ്

കഴിഞ്ഞദിവസങ്ങളിൽ ബിഹാറിലെ സമസ്തിപുരിലും ജമുയിലും പെൺകുട്ടികൾക്ക് നേരേ ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സംഭവങ്ങളിൽ സംസ്ഥാന സർക്കാരിനെതിരേയും പൊലീസിനെതിരേയും വ്യാപക വിമർശനമുയരുന്നതിനിടെയാണ് മറ്റൊരു സംഭവം കൂടി പുറത്തുവരുന്നത്.
ഒരുസംഘം യുവാക്കൾ പെൺകുട്ടിയെ പരസ്യമായി ഉപദ്രവിക്കുന്നതും പെൺകുട്ടിയോട് മോശമായി പെരുമാറുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. ഇതിനിടെ ചിലർ പെൺകുട്ടിയെ മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പെൺകുട്ടിയുടെ സുഹൃത്തെന്ന് കരുതുന്നയാളും ദൃശ്യങ്ങളിലുണ്ടെന്ന് കരുതുന്നു. അതേസമയം, കഴിഞ്ഞദിവസം പുറത്തുവന്ന ദൃശ്യങ്ങൾ ആറുമാസം മുൻപെങ്കിലും ചിത്രീകരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. വീഡിയോ വൈറലായതോടെ സംഭവം നടന്ന സ്ഥലവും മറ്റും പൊലീസ് അന്വേഷണം നടത്തി തിരിച്ചറിഞ്ഞു. വീഡിയോയിൽ ഉൾപ്പെട്ടവർക്കായി അന്വേഷണം ആരംഭിച്ചതായും സംഭവത്തിൽ സ്വമേധയാ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.




