‘ഷോണ്‍ കുറച്ച് ഓവറാണ്, പി സി ജോര്‍ജ് പോലും എന്നെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല’; ജി സുധാകരന്‍

ആലപ്പുഴ: ബിജെപി നേതാവ് ഷോൺ ജോർജ് പുറത്തുവിട്ട സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയിലെ വിവരങ്ങളിൽ പ്രതികരിച്ച് അമ്പലപ്പുഴ എംഎല്‍എ ജി സുധാകരന്‍. തന്റെ അടുത്ത സുഹൃത്തായിരുന്ന പി സി ജോര്‍ജ് പോലും അസംബ്ലിയില്‍ തന്നെ പറ്റി ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ പേര് എഴുതി ചേര്‍ത്തത് ഷോണാകുമെന്നും അദ്ദേഹം പരിഹസിച്ചു. ഷോണ്‍ പറയുന്ന ചില കാര്യങ്ങള്‍ ശരിയാണെന്ന് തോന്നിയിട്ടുണ്ട് എന്നാല്‍ അയാള്‍ കുറച്ച് ഓവറാണെന്നും മാധ്യമങ്ങളുടെ ചോദ്യത്തോട് സുധാകരന്‍ പ്രതികരിച്ചു. ഇത്തരം കാരണങ്ങള്‍ പറഞ്ഞ് ജനങ്ങള്‍ക്ക് മുന്നില്‍ സജീവമായി നില്‍ക്കാനുള്ള ശ്രമമാകും അയാള്‍ നടത്തുന്നതെന്നും സുധാകരന്‍ പറഞ്ഞു.
‘ഇതാരുണ്ടാക്കിയ ലിസ്റ്റാണ്, ഷോണ്‍ ജോര്‍ജ് ഉണ്ടാക്കിയ ലിസ്റ്റാണോ. എന്തായാലും ഷോണ്‍ ജോര്‍ജിന്റെ പേരില്ലല്ലോ അതുമതി. എന്താണ് ഷോണ്‍ ജോര്‍ജ് ധരിച്ച് വച്ചിരിക്കുന്നത്. പി സി ജോര്‍ജിന്റെ മകനല്ലേ? അദ്ദേഹം അടുത്ത സുഹൃത്തായിരുന്നു. പി സി ജോര്‍ജ് പോലും അസംബ്ലിയില്‍ വന്നപ്പോള്‍ എന്നെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ലിസ്റ്റില്‍ എന്റെ പേരെങ്ങനെ വന്നു? മാനനഷ്ടം നല്‍കാന്‍ ഒന്നും താന്‍ പോകില്ല, മാനം ഉണ്ടെങ്കില്‍ ഇങ്ങനെയൊന്നും പറയില്ലല്ലോ. കുറച്ച് ഓവറാണ് ആ ചെറുപ്പക്കാരന്‍. അയാള്‍ പറയുന്ന ചില കാര്യങ്ങള്‍ ശരിയാണെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ ഓവറാണ്. ഇത്തരം കാര്യങ്ങളൊക്കെ പറഞ്ഞ് ജനങ്ങള്‍ക്ക് മുന്നില്‍ സജീവമായി നില്‍ക്കാനാകും ശ്രമം. ഷോണ്‍ ജോര്‍ജിന് എടുത്ത് പറയാനുള്ള രാഷ്ട്രീയ പാരമ്പര്യമൊന്നുമില്ല. എന്റെ പേര് അയാള്‍ എഴുതി ചേര്‍ത്തതാകും. യഥാര്‍ത്ഥത്തില്‍ കാശ് വാങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമമായിരിക്കും നടക്കുന്നത്’, ജി സുധാകരന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.
അതേസമയം ശശിധരന്‍ കര്‍ത്തയുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും അദ്ദേഹം പ്രതികരിച്ചു. ഖനനം നടത്താന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കര്‍ത്ത സമീപിച്ചിരുന്നു. അതിനായി പാര്‍ട്ടിക്ക് പണവും വാഗ്ദാനം ചെയ്തു എന്നാല്‍ അത് അനുവദിക്കാന്‍ കഴിയില്ലെന്ന മറുപടി അപ്പോള്‍ തന്നെ നല്‍കിയെന്നും പിന്നീടൊരിക്കലും കര്‍ത്ത തന്നെ സമീപിച്ചിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.
‘ശശിധരന്‍ കര്‍ത്ത കരിമണല്‍ ഖനനം ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി വന്നിരുന്നു. എല്ലാ രാഷ്ട്രീയക്കാരെയും അയാള്‍ കണ്ടിരുന്നു. തൃക്കുന്നപ്പുഴയില്‍ ഖനനം അനുവദിച്ചാല്‍ പാര്‍ട്ടിക്ക് ഫണ്ട് നല്‍കാമെന്ന വാഗ്ദാനം അടക്കം നടത്തിയെങ്കിലും സമ്മതിക്കില്ലെന്ന മറുപടിയാണ് നല്‍കിയത്. ഇക്കാര്യം നല്ല ഓര്‍മ്മയുണ്ട്. പിന്നെ കര്‍ത്ത സമീപിച്ചിട്ടില്ല’, സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രി വി ഡി സതീശന്റെ വിമാനയാത്രയെ ജി സുധാകരന്‍ ന്യായീകരിക്കുകയാണ് ചെയ്തത്. കള്ളക്കടത്ത് വിമാനത്തിലല്ലോ മുഖ്യമന്ത്രി യാത്ര ചെയ്തതെന്നായിരുന്നു സുധാകരന്റെ ചോദ്യം. സംഭവത്തില്‍ ധാര്‍മിക പ്രശ്‌നമുണ്ടെങ്കില്‍ വിമര്‍ശിക്കാമെന്നും സുധാകരന്‍ പറഞ്ഞു.




