Uncategorized

പരിസ്ഥിതി ലോല മേഖലാ കരട് വിജ്ഞാപനം: ജനവാസ മേഖലകളും കാർഷിക മേഖലകളും ഒഴിവാക്കണം; ആശങ്ക അറിയിച്ച് ക്രൈസ്തവ സഭകൾ

തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലാ കരട് വിജ്ഞാപന വിഷയത്തില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെ ആശങ്കയില്‍ മലയോര മേഖല. ജീവിക്കാനുള്ള അവകാശം നിഷേധിച്ചാല്‍ സമരങ്ങളിലേക്ക് കടക്കുമെന്നാണ് ക്രൈസ്തവ സഭകളുടെ മുന്നറിയിപ്പ്. വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാണ് സമസ്ത ഉള്‍പ്പടെയുള്ള സംഘടനകളുടെ ആവശ്യം. സംസ്ഥാനത്തെ മുപ്പതിലധികം വില്ലേജുകളെ പട്ടികയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കാനും ബാക്കിയുള്ള വില്ലേജുകളില്‍ ജനവാസ കേന്ദ്രങ്ങളെയും കാര്‍ഷിക ഭൂമികളെയും ഇഎസ്എ പരിധിയില്‍ നിന്ന് മാറ്റാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ബഫര്‍സോണ്‍ വിഷയത്തില്‍ ആശങ്ക പരിഹരിക്കണമെന്നാണ് ലത്തീന്‍ സഭയുടെ ആവശ്യം. ജനവാസ-കാര്‍ഷിക മേഖലകളെ ഒഴിവാക്കണമെന്നും ഇഎസ്എയുടെ അതിര്‍ത്തി കൃത്യമായി വേര്‍തിരിക്കണമെന്നും ലത്തീന്‍ സഭ ആവശ്യപ്പെട്ടു. കേന്ദ്രം ജനദ്രോഹനയം തിരുത്തണമെന്നും ലത്തീന്‍ സഭയെ പ്രതിനിധീകരിച്ച് കൊണ്ട് KRLCC വക്താവ് ജോസഫ് ജൂഡ് അഭിപ്രായപ്പെട്ടു.ജനവാസമേഖലയെയും കൃഷിഭൂമിയെയും ഇഎസ്എയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭയും രംഗത്ത് വന്നിരുന്നു. ജനത്തെ വിശ്വാസത്തിലെടുത്തുള്ള പരിസ്ഥിതി സംരക്ഷണമാണ് വേണ്ടതെന്നും നിര്‍ഭാഗ്യവശാല്‍ ജനത്തെ ഇരുട്ടില്‍ നിര്‍ത്തുന്നതാണ് പല വിജ്ഞാപനങ്ങളു ഓര്‍ത്തഡോക്‌സ് സഭ പറഞ്ഞു. ഇഎസ്എ വിജ്ഞാപനം മലയോരമേഖലയെ മാത്രമല്ല സംസ്ഥാനത്തിന്റെയാകെ വികസനത്തെ ബാധിക്കുന്നതാണെന്നും മലയോരജനതയുടെ ആശങ്കകള്‍ പരിഗണിക്കണമെന്നും സഭ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. വിജ്ഞാപനത്തിനെതിരെ പരാതിയും ആശങ്കയും അറിയിക്കാനുള്ള കാലാവധി നീട്ടണമെന്നാണ് ഓര്‍ത്തഡോക്‌സ് സഭ പറയുന്നത്. കേരളത്തിലെ പ്രത്യേകസാഹചര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തണമെന്നും ഓര്‍ത്തഡോക്‌സ് സഭ മാധ്യമ വിഭാഗം തലവന്‍ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്താ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

അതിനിടെ, ഇഎസ്എയില്‍ ആശങ്കയറിയിച്ച് ഇടുക്കി രൂപതയും മുന്നോട്ട് വന്നു. സംസ്ഥാന സര്‍ക്കാര്‍ ഇടുക്കിയെ കൈപിടിച്ച് ഉയര്‍ത്തണമെന്ന് രൂപതാ മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരയ്ക്കാട്ട് അറിയിച്ചു. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് ആത്മവിശ്വാസം നഷ്ടപ്പെട്ട ജനതയായി ഇടുക്കി മാറുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രതികരിച്ചത്. ഇഎസ്എയില്‍ നാടിനെ ഇല്ലാതാക്കരുതെന്നും സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും ഇടുക്കി രൂപത ആവശ്യപ്പെട്ടു. ജനവാസമേഖലകള്‍, കൃഷി ഇടങ്ങള്‍ , തോട്ടം മേഖല എന്നിവ ഇഎസ്എ യില്‍ നിന്നും ഒഴിവാക്കണമെന്ന വ്യക്തമായ നിലപാട് കേരളം കേന്ദ്രത്തെ അറിയിക്കണമെന്നും ഇടുക്കി രൂപത അറിയിച്ചു. ഭൂവുടമക്ക് പരാതി നല്‍കാന്‍ ജില്ലാ തലത്തില്‍ പരാതി പരിഹാര സെല്ല് രൂപികരിക്കണമെന്ന ആവശ്യവും രൂപത മുന്നോട്ട് വെച്ചു. വന്യമൃഗ ശല്യം , മുല്ലപ്പെരിയാര്‍ ആശങ്ക, ആരോഗ്യ മേഖലയിലെ ദയനീയ അവസ്ഥ, എന്നിവയില്‍ ധ്രുതഗതിയില്‍ നടപടി സ്വീകരിക്കണമെന്നും ഇടുക്കി രൂപത ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപന വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കുകയാണ് പത്തനംതിട്ട തണ്ണിത്തോട് പ്രദേശവാസികള്‍. ഇഎസ്എയില്‍ തണ്ണിത്തോട് വില്ലേജിനെ പൂര്‍ണ്ണമായും ഉള്‍പ്പെടുത്തിയതിലാണ് പ്രതിഷേധം ശക്തമാക്കിയത്. വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്നും വനവും ജനവാസ മേഖലയും കൃഷി ഭൂമിയും ജെണ്ട കെട്ടി വേര്‍തിരിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. വിജ്ഞാപനവുമായി ബന്ധപ്പെട്ട് പ്രദേശത്ത് കൃഷി ചെയ്യാന്‍ പറ്റുമോയെന്ന ആശങ്കയാണ് കര്‍ഷകര്‍ പങ്കുവെയ്ക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button